സച്ചിന്‍ ടെന്‍ഡുല്‍ക്കറും സര്‍ ഡോണ്‍ ബ്രാഡ്‌മാനും അടക്കമുള്ള ഇതിഹാസങ്ങളെയും പരുക്ക് വലച്ചിട്ടുണ്ട്. പരുക്കിനെ മറികടക്കാനുള്ള ശ്രമങ്ങളിലാണ് താനെന്നും ഇന്ത്യന്‍ സ്‌പിന്നര്‍. 

ചെന്നൈ: കരിയറില്‍ പരുക്ക് അലട്ടുന്നത് അപൂര്‍വ സംഭവമല്ലെന്ന് ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കറും സര്‍ ഡോണ്‍ ബ്രാഡ്‌മാനും അടക്കമുള്ള ഇതിഹാസങ്ങളെയും പരുക്ക് വലച്ചിട്ടുണ്ട്. പരുക്കിനെ മറികടക്കാനുള്ള ശ്രമങ്ങളിലാണ് താന്‍. എപ്പോഴൊക്കെ ഫിറ്റ്‌നസ് ടെസ്റ്റില്‍ (യോ യോ) പങ്കെടുത്തിട്ടുണ്ടോ അന്നൊക്കെ പട്ടികയില്‍ മുന്നിലെത്തിയിട്ടുണ്ടെന്നും അശ്വിന്‍ പറഞ്ഞു. 

പരുക്കുമൂലം ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മൂന്ന് ടെസ്റ്റുകളില്‍ താരത്തിന് കളിക്കാനായിരുന്നില്ല. സമാനമായ പരുക്ക് മൂലം ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റും നഷ്ടമായി. പരുക്കില്‍ നിന്ന് പൂര്‍ണ വിമുക്തനാകാനുള്ള ശ്രമങ്ങളിലാണ് സ്‌പിന്നര്‍. 'നൂറ് ശതമാനത്തോളം ഫിറ്റ്‌നസ് തിരിച്ചുപിടിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു ഫോര്‍മാറ്റില്‍(ടെസ്റ്റ്) മാത്രമാണ് കളിക്കുന്നത്. അതുകൊണ്ട് പരിശീലനം നടത്താനുള്ള സമയം ലഭിക്കുമെന്നും' അശ്വിന്‍ പറയുന്നു. 

നന്നായി കളിക്കുമ്പോള്‍ അതാസ്വദിച്ച് തുടരാണ് എല്ലാവരുടെയും ആഗ്രഹം. വിദേശത്ത് നന്നായി കളിക്കുമ്പോള്‍ സന്തോഷവാനാണ്. തുടര്‍ച്ചയായി പരുക്കുകള്‍ വരുന്നത് അലട്ടുന്നു. എന്നാല്‍ ഇത് ഗൗനിക്കാതെ മുന്നോട്ട്പോകാനാണ് ആഗ്രഹിക്കുന്നതെന്നും ഇന്ത്യന്‍ സ്‌പിന്നര്‍ പറഞ്ഞു. ടെസ്റ്റില്‍ 342 വിക്കറ്റുകള്‍ അശ്വിന്‍റെ പേരിലുണ്ട്. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍റെ ലീഗ് മാച്ചില്‍ അശ്വിന്‍ അടുത്തിടെ കളിച്ചിരുന്നു.