ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണ്‍ മല്‍സരങ്ങള്‍ ഏപ്രില്‍ നാല് മുതല്‍ മെയ് 31 വരെ നടക്കും. കഴിഞ്ഞദിവസം ദില്ലിയില്‍ ചേര്‍ന്ന ഐപിഎല്‍ ഭരണസമിതിയോഗത്തിലാണ് സമയക്രമം തീരുമാനമായത്. അടുത്ത സീസണിലേക്കുള്ള താരലേലത്തിന് മുമ്പ് ഓരോ ഫ്രാഞ്ചൈസിക്കും മൂന്നു കളിക്കാരെ മാത്രം നിലനിര്‍ത്താം. ഇക്കാര്യങ്ങളിലെല്ലാം അന്തിമതീരുമാനം നവംബര്‍ 14ന് ചേരുന്ന ഭരണസമിതിയോഗം കൈക്കൊള്ളും. വിലക്കിനെ തുടര്‍ന്ന് രണ്ടു സീസണുകളില്‍ രംഗത്തില്ലാതിരുന്ന ചെന്നൈ സൂപ്പര്‍കിങ്സും രാജസ്ഥാന്‍ റോയല്‍സും മടങ്ങിയെത്തുന്നു എന്നതാണ് ഇത്തവണത്തെ സവിശേഷത. നേരത്തെ ഈ ടീമുകളില്‍ കളിച്ചിരുന്ന പ്രമുഖ താരങ്ങള്‍ ഇപ്പോള്‍ മറ്റു ടീമുകളിലാണ്. ഇവരെ തിരിച്ചെത്തിക്കാന്‍ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍കിങ്സും രാജസ്ഥാന്‍ റോയല്‍സും ശ്രമിച്ചേക്കും. താരലേലത്തില്‍ ഓരോ ടീമിനും 80 കോടി രൂപ വരെ ചെലവഴിക്കാനാകും.