അഹമ്മദാബാദ്: ഐപിഎല്ലിന്റെ തുടക്കം മുതല്‍ ഇന്നുവരെ ഒറ്റ മത്സരം പോലും നഷ്ടമാക്കിയിട്ടില്ലാത്ത ഏക കളിക്കാരനാണ് സുരേഷ് റെയ്ന. മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പമായിരുന്ന റെയ്ന അവര്‍ക്കായി എല്ലാ കളികളിലും പാഡണിഞ്ഞിട്ടുണ്ട്. ചെന്നൈ ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിംഗ് ധോണിക്കുപോലും സ്വന്തമാക്കാനാകാത്ത നേട്ടം.
ഇത്തവണ ഗുജറാത്ത് ലയണ്‍സിന്റെ നായകനായപ്പോഴും ഇതുവരെ എല്ലാ മത്സരങ്ങളിലും റെയ്ന ടീമിനെ നയിച്ചു. എന്നാല്‍ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി റെയ്ന ഒരു മത്സരം നഷ്ടമാക്കുകയാണ്. എന്നാല്‍ നഷ്ടബോധത്തോടെയല്ല സന്തോഷത്തോടെയാണ് റെയ്ന ഈ റെക്കോര്‍ഡ് നഷ്ടമാക്കുന്നത്.
കാരണം ഹോളണ്ടിലുള്ള ഭാര്യ പ്രിയങ്കാ ചൗധരിയെ കാണാന്‍ പോകുന്നതിനാലാണ് റെയ്നയ്ക്ക് മത്സരം നഷ്ടമാകുന്നത്. ഗര്‍ഭിണിയാണ് പ്രിയങ്കാ ചൗധരി ഇപ്പോള്‍. കൊല്‍ക്കത്തയുമയായുള്ള കളി ജയിച്ചശേഷം റെയ്ന തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഐപിഎല്ലില്‍ 143 മത്സരം കളിച്ചിട്ടുള്ള റെയ്ന 4000 റണ്‍സിലധികം നേടി ഐപിഎല്ലിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനാണ്. റെയ്നയുടെ അഭാവത്തില്‍ ബംഗലൂരു റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ ബ്രണ്ടന്‍ മക്കല്ലമോ ആരോണ്‍ ഫിഞ്ചോ ആവും ഗുജറാത്തിനെ നയിക്കുക.
