മുംബൈക്കായി കളിക്കുമ്പോള്‍ ഇത് എട്ടാം തവണയാണ് രോഹിത് പൂജ്യനായി പുറത്താവുന്നത്.

ജയ്പൂര്‍: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുടെ പേരില്‍ നാണക്കേടിന്റെ റെക്കോര്‍ഡ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ പൂജ്യത്തിന് പുറത്തായ രോഹിത്ത് ഐപിഎല്‍ കരിയറില്‍ ഇത് പത്താം തവണയാണ് പൂജ്യനാവുന്നത്. ഐപിഎല്‍ ചരിത്രത്തില്‍ 10 തവണ പൂജ്യത്തിന് പുറത്തായ എട്ടാമത്തെ ബാറ്റ്സ്മാന്‍ മാത്രമാണ് രോഹിത്.

മുംബൈക്കായി കളിക്കുമ്പോള്‍ ഇത് എട്ടാം തവണയാണ് രോഹിത് പൂജ്യനായി പുറത്താവുന്നത്. അംബാട്ടി റായിഡു(9), ഹര്‍ഭജന്‍ സിംഗ്(8) എന്നിവര്‍ മാത്രമാണ് മുംബൈ നിരയില്‍ രോഹിത്തിനേക്കാള്‍ കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായവര്‍.

അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ തവണ അര്‍ധസെഞ്ചുറി കണ്ടെത്തിയതും മുംബൈ ഇന്ത്യന്‍സിനെതിരെയാണ്. മറ്റ് ടീമുകള്‍ക്കെതിരെ ഒന്നും സഞ്ജുവിന് രണ്ട് അര്‍ധസെഞ്ചുറിയില്‍ കൂടുതല്‍ ഇല്ല.