ബംഗലൂരു: ഐപിഎല്‍ താരലേലത്തില്‍ ക്രിസ് ഗെയിലിനെ ഒടുവില്‍ പഞ്ചാബ് ടീമിലെടുത്തെങ്കിലും ലോക ക്രിക്കറ്റിലെ നിരവധി പ്രമുഖര്‍ ഇത്തവണ പുറത്തായി. കളിക്കാരുടെ അടിസ്ഥാനവിലയും സീസണ്‍ സമയത്തെ ലഭ്യതയും പരിക്കും ഫോമും എല്ലാം കണക്കിലെടുത്താണ് വമ്പന്‍മാരായ പല താരങ്ങളെയും ടീമുകള്‍ പടിക്ക് പുറത്തുനിര്‍ത്തിയത്. ഇംഗ്ലണ്ടിന്റെ ട്വന്റി-20 ടീം നായകനായ ഓയിന്‍ മോര്‍ഗനാണ് ഇത്തരത്തില്‍ പുറത്തായവരില്‍ പ്രമുഖന്‍. രണ്ടു കോടി രൂപയായിരുന്നു മോര്‍ഗന്റെ അടിസ്ഥാന വില. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നായകനായ ജോ റൂട്ടിനെയും ആരും വാങ്ങാതിരുന്നത് ആരാധകരെ അത്ഭുതപ്പെടുത്തി.

പരിമിത ഓവര്‍ ക്രിക്കറ്റില്‍ ബാറ്റും കൊണ്ടും ബോളുകൊണ്ടും ഒരുപോലെ മികവറിയിച്ച ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്സണും ആവശ്യക്കാരുണ്ടായിരുന്നില്ല. മോശം ഫോമാണ് ആന്‍ഡേഴ്സണ് തിരിച്ചടിയായത്. രണ്ടു കോടി രൂപയായിരുന്നു ആന്‍ഡേഴ്സന്റെ അടിസ്ഥാന വില.

ഓസ്ട്രേലിയക്കാര്‍ക്കും ആവശ്യക്കാരില്ല

ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡുണ്ടാവുന്ന പതിവും ഇത്തവണ തെറ്റി. ജെയിംസ് ഫോക്നോര്‍, ജോഷ് ഹേസല്‍വുഡ്, കാമറൂണ്‍ വൈറ്റ്, മോയിസ് ഹെന്‍റിക്കസ്, ട്രാവിസ് ഹെഡ്, ഷോണ്‍ മാര്‍ഷ്, നഥാന്‍ ലിയോണ്‍, പീറ്റര്‍ ഹാന്‍ഡ്സ്കോംബ്, നഥാന്‍ ലിയോണ്‍, ആദം സാംപ, ആദം മില്‍നെ എന്നിവര്‍ക്കാര്‍ക്കും ഐപിഎല്‍ ടീമുകളില്‍ എത്താനായില്ല.

ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്ടില്‍, റോസ് ടെയ്‌ലര്‍, മിച്ചല്‍ മക്‌‌ലെനാഘന്‍, ഇഷ് സോധി, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്‍, ശ്രീലങ്കന്‍ താരം ലസിത് മലിംഗ, തിസാര പെരേര, ഉപുല്‍ തരംഗ, എയ്ഞ്ചലോ മാത്യൂസ്, ദക്ഷിണാഫ്രിക്കയുടെ മോണി മോര്‍ക്കല്‍, വെയ്ന്‍ പാര്‍നല്‍, വെനോണ്‍ ഫിലാന്‍ഡര്‍, വെസ്റ്റ് ഇന്‍ഡീസിന്റെ സാമുവല്‍ ബദ്രി എന്നിവര്‍ക്കും ആവശ്യക്കാരുണ്ടായിരുന്നില്ല.

ഒഴിവാക്കപ്പെട്ട ഇന്ത്യന്‍ താരങ്ങള്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ ഇഷാന്ത് ശര്‍മ, ചേതേശ്വര്‍ പൂജാര, മുന്‍ ടെസ്റ്റ് താരം പ്രഗ്യാന്‍ ഓജ, ഇര്‍ഫാന്‍ പത്താന്‍, പര്‍വേസ് റസൂല്‍, റിഷി ധവാന്‍, അശോക് ദിന്‍ഡ, പ്രവീണ്‍കുമാര്‍, രാഹുല്‍ ശര്‍മ, വരുണ്‍ ആരോണ്‍, പര്‍വീന്ദര്‍ അവാന, മുനാഫ് പട്ടേല്‍, ഫൈസ് ഫസല്‍, അഭിനവ് മുകുന്ദ്, വേണുഗോപാല്‍ റാവു, മന്‍പ്രീത് ഗോണി, രജത് ഭാട്ടിയ, ഇക്ബാല്‍ അബ്ദുള്ള, പ്രവീണ്‍ ടാംബെ.