മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ തുടങ്ങിവെച്ച യുവതാരയുദ്ധത്തില്‍ ഇപ്പോള്‍ റിഷഭ് പന്തും ശ്രേയസ് അയ്യരും പൃഥ്വി ഷായും വരെയുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള എന്‍ട്രി ഗേറ്റാണ് ഐപിഎല്‍ എങ്കില്‍ ആ പടിക്കല്‍ ഇപ്പോള്‍ യുവതാരങ്ങളുടെ കൂട്ട ഇടിയാണ്. ഐപിഎല്ലിലെ പ്രകടനത്തിന്റെ മാത്രം ഇന്ത്യന്‍ ടീമിലെത്തിയ ഹര്‍ദ്ദീക് പാണ്ഡ്യയെയും യുസ്‌വേന്ദ്ര ചാഹലിനെയും പോലുള്ളവരാണ് അവരുടെ പ്രചോദനം.

Add Asianetnews as a Preferred SourcegooglePreferred

മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ തുടങ്ങിവെച്ച യുവതാരപോരില്‍ റിഷഭ് പന്തും ശ്രേയസ് അയ്യരും പൃഥ്വി ഷായും കൂടി ചേര്‍ന്നതോടെ ടീം ഇന്ത്യയുടെ അടുത്ത തലമുറ വരവറിയിച്ചു കഴിഞ്ഞു. ഐപിഎല്ലിലന്റെ തുടക്കത്തില്‍ തന്നെ ഒരുപിടി മികച്ച പ്രകടനങ്ങളിലൂടെ ഓറഞ്ച് ക്യാപ് തലയിലണിഞ്ഞ സഞ്ജുവാണ് ടീം ഇന്ത്യയുടെ പടിവാതിലില്‍ പ്രവേശനത്തിനായി ആദ്യമെത്തിയതെന്ന് പറയാം. സഞ്ജുവിനെ കമന്റേറ്റര്‍മാര്‍ പുകഴ്ത്തുന്നത് അത്ര പിടിക്കാതിരുന്ന വിനോദ് കാംബ്ലിയെ അടിച്ച് ബൗണ്ടറി കടത്തിയ ആരാധകര്‍ കേരളത്തിന്റെ ലിറ്റില്‍ മാസ്റ്ററെ ദേശീയശ്രദ്ധയില്‍ നിലനിര്‍ത്തുകയും ചെയ്തു. ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോലിയുമായായിരുന്നു ഓറഞ്ച് ക്യാപ്പിന് സഞ്ജു മത്സരിച്ചിരുന്നതെങ്കില്‍ പിന്നീടത് അംബാട്ടി റായിഡുവും കെയ്ന്‍ വില്യാംസണുമെല്ലാം ആയി.

തലയില്‍ ക്യാപ്റ്റന്റെ തൊപ്പികൂടി എത്തിയതോടെ ഉത്തരവാദിത്തത്തിനൊപ്പം പ്രഹരശേഷിയും ഇരട്ടിയാക്കിയ ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ ടീമിന്റെ വാതിലില്‍ മുട്ടുന്ന മറ്റൊരു ബാറ്റ്സ്മാന്‍. ഒമ്പത് കളികളില്‍ 307 റണ്‍സടിച്ച മലയാളി വേരുള്ള ശ്രേയസ് റണ്‍നേട്ടത്തില്‍ അഞ്ചാം സ്ഥാനത്താണ്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യന്‍മാരാക്കിയ കൗമാരക്കാരന്‍ പൃഥ്വി ഷായാണ് ഇത്തവണത്തെ ഐപിഎല്ലില്‍ ആരാധകമനം കവര്‍ന്ന മറ്റൊരു ബാറ്റ്സ്മാന്‍. നാലു കളികളില്‍ 166.66 പ്രഹരശേഷിയില്‍ 140 റണ്‍സടിച്ചാണ് ഷാ തിളങ്ങിയത്. ഷാ നല്‍കുന്ന വെടിക്കെട്ട് തുടക്കം രണ്ടാം ഘട്ടത്തില്‍ ഡല്‍ഹിയുടെ കുതിപ്പിന് വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്.

ഷായ്ക്കൊപ്പം പന്തും ശ്രേയസുംകൂടി ചേരുന്നതോടെ ഡല്‍ഹിയുടെ മുന്‍നിര, ഭാവിയുടെ ഇന്ത്യന്‍ തലയാകുന്നു. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഐപിഎല്ലില്‍ തപ്പിത്തടയുകാണെങ്കിലും വെടിക്കെട്ട് തുടക്കങ്ങളിലൂടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഇഷാന്‍ കിഷനാണ് ആരാധകരെ കൈയിലടുത്ത മറ്റൊരു താരം. എട്ടുകളികളില്‍ 151 റണ്‍സാണ് കിഷന്റെ സമ്പാദ്യം. ഇന്ത്യന്‍ ടീമിലെത്താനുള്ള മികവിന്റെ പോരില്‍ മുന്നില്‍ നില്‍ക്കുന്ന സഞ്ജുവും പന്തും കിഷനും വിക്കറ്റ് കീപ്പര്‍മാര്‍ കൂടിയാണെന്ന യാദൃശ്ചികതയുമുണ്ട്. ഇന്ത്യന്‍ സീനിയര്‍ ടീം അംഗങ്ങളായ ശീഖര്‍ ധവാനും രോഹിത് ശര്‍മയും മനീഷ് പാണ്ഡെയും ഹര്‍ദ്ദീക് പാണ്ഡ്യയുമെല്ലാം ഇത്തവണ സൂപ്പര്‍ ഫ്ലോപ്പുകളായപ്പോഴാണ് യുവതുര്‍ക്കികളുടെ പ്രകടനമെന്നതും ശ്രദ്ധേയമാണ്.

യുവതുര്‍ക്കികളുടെ കുതിപ്പിനിടയിലും പിടിവിടാതെ നില്‍ക്കുന്നവര്‍ വിരാട് കോലിയും എംഎസ് ധോണിയും മാത്രമാണ്. ടീമിനെ ജയിപ്പിക്കാന്‍ കഴിയുന്നില്ലെങ്കിലും 8 കളികളില്‍ 349 റണ്‍സുമായി കോലി റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുണ്ട്. എന്നാല്‍ പ്രഹരശേഷി 138.49 മാത്രമാണെന്നത് കോലിയുടെ റണ്‍നേട്ടത്തിന്റെ ശോഭ കുറക്കുന്നു. സ്ഥിരതയാര്‍ന്ന പ്രകടനമുണ്ടെങ്കിലും പന്തിനെപ്പോലുള്ള യുവരക്തങ്ങളുടെ പ്രഹരശേഷിയുമായി നോക്കുമ്പോള്‍ ആരും പേടിക്കുന്നൊരു ബാറ്റ്സ്മാനാവാന്‍ കോലിക്ക് ഇത്തവണ കഴിഞ്ഞിട്ടില്ല. പ്രായമാകുംതോറും വീര്യമേറുന്ന വീഞ്ഞുപോലെ യുവതരംഗത്തിലും പതറാതെ പൊരുതിനില്‍ക്കുന്നത് ശരിക്കും എംഎസ് ധോണിയാണ്. ചെന്നൈ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയെന്നതു മാത്രമല്ല വിന്റേജ് ധോണിയെ ആരാധകര്‍ക്ക് വീണ്ടും കാണാനുമായി.

ബൗളര്‍മാരുടെ കാര്യവും വ്യത്യസ്തമല്ല. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായ ജസ്‌പ്രീത് ബൂമ്രയോ മുഹമ്മദ് ഷാമിയോ ഒന്നുമല്ല ഇതുവരെ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍മാരുടെ മുന്‍നിരയിലുളളത്.

13 വിക്കറ്റുമായി ട്രെന്റ് ബോള്‍ട്ട് നേതൃത്വം കൊടുക്കുന്ന പട്ടികയില്‍ 11 വിക്കറ്റുമായി സിദ്ധാര്‍ഥ് കൗള്‍ ആണ് രണ്ടാം സ്ഥാനത്ത്. മുംബൈയുടെ സ്പിന്‍ വിസ്മയം മയാങ്ക് മര്‍കണ്ഡേ(11), ഏറെക്കാലമായി ഇന്ത്യന്‍ ഏകദിന, ടി20 ടീമുകളില്‍ ഇടമില്ലാത്ത ഉമേഷ് യാദവ്(11) എന്നിവരാണ് തുടര്‍ സ്ഥാനങ്ങളില്‍. ഒരുമത്സരത്തിലെ അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെ മൂന്ന് കളികളില്‍ ഏഴു വിക്കറ്റെടുത്ത അങ്കിത് രജ്പുത്തും മൂന്ന് കളികളില്‍ അഞ്ചു വിക്കറ്റെടുത്ത ബേസില്‍ തമ്പിയുമെല്ലാം ഇവരുടെ പിന്നാലെ വരുന്നുണ്ട്. അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യയുടെ കുന്തമുനയായിരുന്ന ശിവം മാവിയും കൊല്‍ക്കത്ത ജേഴ്സിയില്‍ വരവറിയിച്ചുകഴിഞ്ഞു. എട്ടു കളികളില്‍ ഒമ്പത് വിക്കറ്റ് മാത്രം വീഴ്‌ത്തിയ ബൂമ്ര ഹര്‍ദ്ദീക് പാണ്ഡ്യക്കും പിന്നില്‍ ഏഴാമതാണ്.

ഐപിഎല്‍ താരലേലത്തില്‍ പൊന്നുംവിലയുള്ള ബൗളറായ ഇന്ത്യന്‍ താരം ജയദേവ് ഉനദ്ഘട്ടാണ് ഇത്തവണ ഐപിഎല്ലിലെ മറ്റൊരു സൂപ്പര്‍ ഫ്ലോപ്പ്. എട്ടുകളികളില്‍ ഏഴു വിക്കറ്റ് മാത്രമാണ് ഉനദ്‌ഘട്ടിന്റെ സമ്പാദ്യം. ഇക്കോണമിയാകട്ട 10.38 ഉം.

ഇന്ത്യന്‍ ടീം അംഗങ്ങളായ യുസ‌്‌വേന്ദ്ര ചാഹലും( 8 കളികളില്‍ 7 വിക്കറ്റ്) കുല്‍ദീപ് യാദവും( 8 കളികളില്‍ 7 വിക്കറ്റ്) ശരാശരി പ്രകടനം പുറത്തെടുത്തെങ്കിലും ടീം വിജയത്തില്‍ നിര്‍ണായക സാന്നിധ്യമാവാന്‍ ഇരുവര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. നാലു മത്സരം മാത്രം കളിച്ച് ആറു വിക്കറ്റ് വീഴ്‌ത്തിയ ഭുവനേശ്വര്‍ കുമാര്‍ മാത്രമാണ് പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന ഇന്ത്യന്‍ ബൗളര്‍മാരിലൊരാള്‍.