ബംഗലൂരു: ഐപിഎല്‍ താരലേലത്തില്‍ നേട്ടം കൊയ്തത് ഇംഗ്ലീഷ് താരങ്ങള്‍. രണ്ടു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഇംഗ്ലീഷ് ഓള്‍ ഔറൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെ 14.5 കോടി നല്‍കി പൂനെ സ്വന്തമാക്കിയപ്പോള്‍ ടി-20 സ്പെഷലിസ്റ്റായ ഇംഗ്ലീഷ് പേസ് ബൗളര്‍ ടൈമല്‍ മില്‍സിനെ 12 കോടി നല്‍കി ബംഗലൂരു സ്വന്തമാക്കി.

അഞ്ചു കോടി രൂപ നല്‍കി ന്യൂസിലന്‍ഡ് പേസര്‍ ട്രെന്റ് ബൗള്‍ട്ടിനെയും 4.2 കോടി നല്‍കി ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്സിനെയും 3.5 കോടി നല്‍കി മുന്‍ ഓസീസ് പേസര്‍ നഥാന്‍ കോള്‍ട്ടര്‍നൈലിനെയും കൊല്‍ക്കത്ത സ്വന്തമാക്കി. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും താരങ്ങളായ ഇഷാങ്ക് ജഗ്ഗിയെയും(10 ലക്ഷം) റിഷി ധവാനെയും വിന്‍ഡീസ് താരം ഡാരന്‍ ബ്രാവോയെയും കൊല്‍ക്കത്ത ടീമിലെടുത്തിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളിംഗ് താരോദമയാ കാഗിസോ റബാഡയെയും(5 കോടി) ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കുമിന്‍സിനെയും (4.5 കോടി)ഡല്‍ഹി ഡെയര്‍ഡെവിള്‍ സ്വന്തമാക്കി. ഒരു കോടി നല്‍കി തമിഴ്‌നാട് സ്പിന്നര്‍ മുരുകന്‍ അശ്വിനെയും ഡല്‍ഹി ടീമിലെടുത്തു.

അഫ്ഗാനിസ്ഥാന്‍ ലെഗ് സ്പിന്നര്‍ റാഷിദ് ഖാന്‍ ആര്‍മാനെ നാല് കോടി രൂപയ്ക്ക് സ്വന്തമാക്കി സണ്‍റൈസസ് ഹൈദരാബാദ് എല്ലാവരെയും ഞെട്ടിച്ചു. അഫ്ഗാനിസ്ഥാന്‍ ടീം നായകനായ മുഹമ്മദ് നബിയെയും നിലവിലെ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്സ് തന്നെയാണ് സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് നബി സണ്‍റൈസേഴ്സിലെത്തിയത്. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഇംഗ്ലീഷ് പേസര്‍ ക്രിസ് ജോര്‍ദാനെ ഇതേ വിലയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെടുത്തു.

50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കിവീസ് താരം മാര്‍ട്ടിന്‍ ഗപ്റ്റിലിനെ ഇതേ തുകയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. മുന്‍ ഇന്ത്യന്‍ താരം വരുണ്‍ ആരോണിനെ കിംഗ്സ് ഇലവന്‍ പഞ്ചാബ് 2.80 കോടി രൂപ നല്‍കിയാണ് സ്വന്തമാക്കിയത്. 30 ലക്ഷം നല്‍കി മുന്‍ വിന്‍ഡീസ് നായകന്‍ ഡാരന്‍ സമിയെയും കിംഗ്സ് സ്വന്തമാക്കി.

മലയാളി താരം ബേസില്‍ തമ്പിയെ 85 ലക്ഷം രൂപ നല്‍കി ഗുജറാത്ത് ലയണ്‍സ് ടീമിലെടുത്തു. ആഭ്യന്തര ക്രിക്കറ്റിലെ പേസ് ബൗളിംഗ് വാഗ്ദാനമായ നാഥു സിംഗിനെ ഗുജറാത്ത് ലയണ്‍സ് 50 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ചു. മുന്‍ ഇന്ത്യന്‍ താരം മുനാഫ് പട്ടേലിനെ 30 ലക്ഷം നല്‍കി ഗുജറാത്ത് ടീമിലെടുത്തു. ഒരു കോടി നല്‍കി ഇംഗ്ലീഷ് ഓപ്പണര്‍ ജേസണ്‍ റോയിയെ സ്വന്തമാക്കിയതാണ് ഗുജറാത്തിന്റെ മറ്റൊരു നേട്ടം. മിച്ചല്‍ ജോണ്‍സണ്‍ മുംബൈ ഇന്ത്യന്‍സ് രണ്ട് കോടി രൂപയ്ക്ക് ടീമിലെത്തിച്ചു.