തോറ്റാല്‍ രാജസ്ഥാന്‍റെ പ്ലേഓഫ് പ്രതീക്ഷകള്‍ ഏറക്കുറെ അവസാനിക്കും

ജയ്‌പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് മരണപ്പോരാട്ടം. കിംഗ്സ് ഇലവന്‍ പഞ്ചാബാണ് എതിരാളികള്‍. രാത്രി എട്ടിന് ജയ്‌പൂരിലാണ് കളി തുടങ്ങുക. ഒന്‍പത് കളിയില്‍ ആറിലും തോറ്റ രാജസ്ഥാന് ഇനിയൊരു തിരിച്ചടികൂടി നേരിട്ടാല്‍ പ്ലേഓഫ് പ്രതീക്ഷകള്‍ ഏറക്കുറെ അവസാനിക്കും. അതേസമയം ആറ് ജയവും മൂന്ന് തോല്‍വിയുമുള്ള കിംഗ്സ് ഇലവന്‍ പ്ലേ ഓഫ് ഉറപ്പിക്കാനാണ് രാജസ്ഥാന്‍ തട്ടകത്തിലെത്തുന്നത്.

കഴിഞ്ഞ ഞായറാഴ്ച രാജസ്ഥാനും പഞ്ചാബും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജയം അശ്വിനൊപ്പമായിരുന്നു. അന്നത്തെ തോല്‍വിക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ പകരംവീട്ടാനുള്ള അവസരമാണ് അജിങ്ക്യ രഹാനെയ്ക്കും സംഘത്തിനും ഇന്നത്തേത്. രഹാനെ, ബട്ട്‍ല‍ര്‍, സഞ്ജു സാംസണ്‍ എന്നിവരുടെ ബാറ്റിംഗും സ്റ്റോക്സ്, ഗൗതം എന്നിവരുടെ ഓള്‍റൗണ്ട് മികവും രാജസ്ഥാന്‍റെ ഭാവി നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാവും.

ക്രിസ് ഗെയ്‌ല്‍, കെ എല്‍ രാഹുല്‍ ഓപ്പണിംഗ് കൂട്ടുകെട്ടാണ് പഞ്ചാബിന്‍റെ കരുത്ത്. ഇന്‍ഡോറില്‍ രാജസ്ഥാനെതിരെ രാഹുല്‍ നേടിയത് 54 പന്തില്‍ പുറത്താവാതെ 84 റണ്‍സ്. കരുണ്‍ നായര്‍, മായങ്ക് അഗര്‍വാള്‍ എന്നിവരും ഫോമില്‍. അശ്വിന്‍, മുജീബ് റഹ്മാന്‍, അക്ഷര്‍ പട്ടേല്‍ സ്‌പിന്‍ ത്രയവും രാജസ്ഥാന് വെല്ലുവിളിയാവും.