ബംഗലൂരു: സച്ചിനും കൊഹ്‌ലിയും തമ്മിലുളള താരതമ്യങ്ങള്‍ ആരാധകര്‍ക്കിടയില്‍ ഇപ്പോഴും ചൂടേറിയ ചര്‍ച്ചയാണ്. ആരാണ് കേമനെന്ന ചോദ്യത്തിന് പ്രസക്തിയില്ലെങ്കിലും സച്ചിനോടുള്ള താരതമ്യത്തെ സാധൂകരിക്കുന്ന പ്രകടനമായിരുന്നു കൊഹ്‌ലി കഴിഞ്ഞദിവസം നടത്തിയത്. സച്ചിന്റെ 43-ാം ജന്‍മദിനം അങ്ങനെ കൊഹ്‌ലി ആരാധകര്‍ക്കും ആഘോഷിക്കാനുള്ള വകയായി. ഐപിഎല്ലിലെ ആദ്യ സെഞ്ചുറി ടീമിനെ വിജയത്തിലേക്ക് നയിച്ചില്ലെങ്കിലും കുട്ടിക്രിക്കറ്റിലെ ഒരുപാട് റെക്കോര്‍ഡുകള്‍ സ്വന്തം പേരിലെഴുതാന്‍ കൊഹ്‌ലിക്കായി.
ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ നായകനാണ് കൊഹ്‌ലി. സച്ചിന്‍ തന്നെയാണ് ആദ്യ നായകന്‍. കൊച്ചി ടസ്കേഴ്‌സിനെതിരെയായിരുന്നു സച്ചിന്റ സെഞ്ചുറി. ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരെ സെഞ്ചുറി നേടിയ വീരേന്ദര്‍ സെവാഗാണ് രണ്ടാമന്‍. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ സെഞ്ചുറി നേടിയിട്ടുള്ള ആദം ഗില്‍ക്രിസ്റ്റാണ് സെഞ്ചുറി നേടിയിട്ടുള്ള മൂന്നാമത്തെ നായകന്‍.
43 അര്‍ധസെഞ്ചുറികള്‍ക്കുശേഷമാണ് കൊഹ്‌ലിക്ക് കുട്ടിക്രിക്കറ്റില്‍ മൂന്നക്കം കടക്കാനായത്. സച്ചിന്റെ 43-ാം പിറന്നാള്‍ ദിനത്തിലാണ് കൊഹ്‌ലിയുടെ നേട്ടമെന്നത് മറ്റൊരു അപൂര്‍വതയായി.
ഈ സീസണിലെ അഞ്ച് കളികളില്‍ 91.25 ആണ് കൊഹ്‌ലിയുടെ ബാറ്റിംഗ് ശരാശരി. ട്വന്റി-20യില്‍ 2016ല്‍ കൊഹ്‌ലിയുടെ ബാറ്റിംഗ് ശരാശരിയാകട്ടെ 125 ആണ്.
ഐപിഎല്ലില്‍ 37-ാം തവണയാണ് ഒരു ബാറ്റ്സ്മാന്‍ മൂന്നക്കം കടക്കുന്നത്.
റോയല്‍ ചലഞ്ചേഴ്സിനായി ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ ബാറ്റ്സ്മാനാണ് കൊഹ്‌ലി. മനീഷ് പാണ്ഡെ, എ.ബി.ഡിവില്ലിയേഴ്സ്, ക്രിസ് ഗെയില്‍ എന്നിവരാണ് സെഞ്ചുറികളില്‍ ടീമിലെ കൊഹ്‌ലിയുടെ മുന്‍ഗാമികള്‍.
