ഹൈദരാബാദ്: തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കുശേഷം ധോണിയുടെ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിന് ഐപിഎല്ലില്‍ രണ്ടാം ജയം. തുടക്കവും ഒടുക്കവും മഴ തടസപ്പെടുത്തിയ കളിയില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 34 റണ്‍സിനാണ്(ഡക്‌വര്‍ത്ത് ലൂയിസ്) പൂനെ കീഴടക്കിയത്. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 118/ 8, റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ് 11 ഓവറില്‍ 94/3.

മഴമൂലം ഒരു മണിക്കൂര്‍ താമസിച്ചുതുടങ്ങിയ കളിയില്‍ ദിന്‍ഡ എറിഞ്ഞ ആദ്യഓവറിലെ ഹൈദരാബാദിന് ഫോമിലുള്ള ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ(0) നഷ്ടമായി. ഇതോടെ ഉദിക്കാന്‍ മടിച്ച സണ്‍റൈസേഴ്സിനെ ധവാനും ആദിത്യ താരെയും ചേര്‍ന്ന് കൈപിടിച്ചുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും താരെയെയും(8) മടക്കി ദിന്‍ഡ അടുത്ത പ്രഹരമേല്‍പ്പിച്ചു. പിന്നിട് വിക്കറ്റ് മഴയായിരുന്നു. മോര്‍ഗന്‍(0), ഹൂഡ(1), ഹെന്‍റിക്കസ്(1) എന്നിവര്‍ കൂടി വന്നവേഗത്തില്‍ മടങ്ങിയതോടെ ഹൈദരാബാദ് 32/5 ലേക്ക് കൂപ്പുകുത്തി. ധവാനും നമാന്‍ ഓജയും(18) ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം ഹൈദരാബാദിനെ 72ല്‍ എത്തിച്ചു. പിന്നെ വീണ്ടും തകര്‍ച്ച. ഓജയും ബിപുല്‍ ശര്‍മയും(5) തൊട്ടടുത്ത ഇടവേളകളില്‍ മടങ്ങി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഭുവനേശ്വര്‍ കുമാറാണ്(8 പന്തില്‍ 21) ഹൈദരാബാദിനെ 100 കടത്തിയത്. 53 പന്തില്‍ 56 റണ്‍സുമായി ശീഖര്‍ ധവാന്‍ പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗില്‍ പൂനെയ്ക്ക് ആദ്യ ഓവറില്‍ തന്ന ഫോമിലുള്ള അജിങ്ക്യാ രഹാനെയെ(0) നഷ്ടമായി. എന്നാല്‍ ഫാഫ് ഡൂപ്ലെസിയും(21 പന്തില്‍ 30), സ്റ്റീവന്‍ സ്മിത്തും(36 പന്തില്‍ 46) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ത്ത് വിജയത്തിന് അടിത്തറയിട്ടു. ഡൂപ്ലെസി മടങ്ങിയ ശേഷമെത്തിയ ധോണി(5) നിരാശപ്പെടുത്തി. ഇതിനിടെ വീണ്ടും മഴയെത്തി. ആ സമയത്ത് മഴനിയമപ്രകാരം ജയിക്കാന്‍ വേണ്ടതിനേക്കാള്‍ 34 റണ്‍സ് മുന്നിലായിരുന്നു പൂനെ. ആറ് കളികളില്‍ പൂനെയുടം രണ്ടാം ജയം മാത്രമാണിത്. ആറ് കളികളില്‍ ഹൈദരാബാദിന്റെ മൂന്നാം തോല്‍വിയും. നാലോവറില്‍ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ദിന്‍ഡയാണ് കളിയിലെ കേമന്‍.