അഭിഷേക് ശര്‍മ്മ 19 പന്തില്‍ പുറത്താകാതെ 46 റണ്‍സ് നേടി

ദില്ലി: പൃഥ്വി ഷായ്ക്കും, ശുഭ്മാന്‍ ഗില്ലിനും, ശിവം മാവിക്കും പിന്നാലെ ഐപിഎല്ലില്‍ തിളങ്ങി മറ്റൊരു കൗമാരതാരം കൂടി. ബാംഗ്ലൂരിനെതിരെ ഡല്‍ഹിക്കായി അരങ്ങേറ്റ മത്സരം കളിച്ച അഭിഷേക് ശര്‍മ്മ 19 പന്തില്‍ പുറത്താകാതെ 46 റണ്‍സ് നേടി. മൂന്ന് ഫോറും നാല് സിക്സറും നേടിയ അഭിഷേകിന്‍റെ മികവില്‍ അവസാന ആറ് ഓവറില്‍ 70 റണ്‍സിനടുത്ത് സ്കോര്‍ ചെയ്യാന്‍ ഡല്‍ഹിക്കായി. 

ട്വന്‍റി 20 ഫോര്‍മാറ്റില്‍ അഭിഷേകിന്‍റെ ആദ്യ മത്സരം ആയിരുന്നു ഇത്. പഞ്ചാബ് താരമായ അഭിഷേക് അണ്ടര്‍ 19 ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. താരലേലത്തില്‍ 55 ലക്ഷം രൂപയ്ക്കാണ് അഭിഷേകിനെ ഡല്‍ഹി ടീമിലെടുത്തത്. 2016ല്‍ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച നായകന്‍ കൂടിയാണ് അഭിഷേക്. പഞ്ചാബിന് വേണ്ടി നാല് ഫസ്റ്റ് ക്ലാസ്സ് മത്സങ്ങളിലും കളിച്ചിട്ടുണ്ട്.