മത്സരങ്ങള്‍ ടെലിവിഷനിലും ഓണ്‍ലൈനിലും ആരാധകര്‍ക്ക് കാണാം

മുംബൈ: ലോകത്ത് കൂടുതല്‍ ആരാധകരുള്ള ടി20ലീഗാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ടി20 വെടിക്കെട്ടിന് പുറമെ ടെലിവിഷന്‍ ആരാധകര്‍ക്കുള്ള ക്രിക്കറ്റ് വിരുന്നുകൂടിയാണ് ഐപിഎല്‍ മത്സരങ്ങള്‍. 11-ാം സീസണില്‍ മത്സരങ്ങളുടെ സംപ്രേക്ഷണം ടെലിവിഷനു പുറമേ ഓണ്‍ലൈനിലും ആരാധകര്‍ക്ക് ആവേശം ചോരാതെ കാണാനാകും. 

ഐപിഎല്‍ സംപ്രേക്ഷണം ഇക്കുറി ഭീമന്‍ തുകയ്ക്ക് സ്റ്റാര്‍ സ്പോര്‍ട്സാണ് സ്വന്തമാക്കിയത്. സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ വിവിധ ചാനലുകളിലൂടെ മത്സരങ്ങള്‍ ആരാധകര്‍ക്ക് കാണാം. സ്റ്റാര്‍ സ്‌പോര്‍ട്സ് 1, സ്റ്റാര്‍ സ്‌പോര്‍ട്സ് 1 എച്ച്ഡി, സ്റ്റാര്‍ സ്പോര്‍ട്സ് സെലക്ട് 1, സ്റ്റാര്‍ സ്പോര്‍ട്സ് സെലക്ട് എച്ച്ഡി എന്നിവയില്‍ ഇംഗ്ലീഷ് കമന്‍ററിയില്‍ കളികള്‍ കാണാം. ഹിന്ദിയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് 1 ഹിന്ദി, സ്റ്റാര്‍ സ്പോര്‍ട്സ് 1 ഹിന്ദി എച്ച്ഡി എന്നിവയില്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. 

അതോടൊപ്പം ഞായറാഴ്ച്ചകളില്‍ ഒരു മത്സരം വീതം ദേശീയ ടെലിവിഷനായ ദൂരദര്‍ശനും സംപ്രേക്ഷണം ചെയ്യുന്നുണ്ട്. അതേസമയം ഓണ്‍ലൈനില്‍ മത്സരങ്ങള്‍ കാണാനുള്ള വിപുലമായ സൗകര്യമാണ് ഇത്തവണയുള്ളത്. മത്സരങ്ങള്‍ ഹോട്ട്സ്റ്റാറും ജിയോ ടിവിയും ഓണ്‍ലൈന്‍ വഴി ആരാധകരുടെ വിരല്‍ത്തുമ്പിലെത്തിക്കും.