ചെന്നൈ: ഐപിഎല്‍ പതിനൊന്നാം സീസണിൽ തിരിച്ചുവരവ് ഗംഭീരമാക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. നായകന്‍ എംഎസ് ധോണിയെയും, സുരേഷ് റെയ്‌നയേയും രവീന്ദ്ര ജഡേജയേയും നേരത്തെ ചെന്നൈ നിലനിര്‍ത്തിയിരുന്നു. ബാറ്റിംഗ് പരിശീലകനായി ഓസ്ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസം മൈക്ക് ഹസിയെയും ചെന്നൈ നിയമിച്ചുകഴിഞ്ഞു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കൈവിട്ട ഗൗതം ഗംഭീറിനെ ചെന്നൈ സ്വന്തമാക്കുമെന്നാണ് സൂചന. 

ഗംഭീര്‍ ടീമിലെത്തുന്ന കാര്യം സൂചിപ്പിച്ചുള്ള ഒരു ആരാധകന്‍റ ട്വീറ്റ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഷെയര്‍ ചെയ്തതാണ് സംശയങ്ങള്‍ ജനിപ്പിക്കുന്നത്. അതേസമയം വീരേന്ദര്‍ സെവാഗ് ഉപദേശകനായുള്ള പഞ്ചാബ് സൂപ്പര്‍ കിംഗ്സും ഗംഭീറിനെ നോട്ടമിടാന്‍ സാധ്യതയുണ്ട്. കൊല്‍ക്കത്തയ്ക്കായി മികച്ച ഫോമില്‍ കളിച്ചിട്ടുള്ള നായകന്‍ ഗംഭീറിനെ ടീം നിലനിര്‍ത്താതിരുന്നത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. 

വെടിക്കെട്ട് ഓപ്പണറായ ഗൗതം ഗംഭീര്‍ ഏത് നിമിഷവും ഫോമിലെത്തുമെന്നതിനാല്‍ ലേലത്തില്‍ താരത്തിനായി വലിയ പോരാട്ടം നടക്കുമെന്നുറപ്പ്. എന്നാല്‍ ഗംഭീര്‍ സ്വന്തം തട്ടകമായ ഡല്‍ഹിക്കായി കളിക്കുന്നത് കാത്തിരിക്കുന്ന ആരാധകരുമുണ്ട്. ഐപിഎല്ലില്‍ 148 മത്സരങ്ങളില്‍ 31.78 ശരാശരിയില്‍ 4132 റണ്‍സ് നേടിയിട്ടുണ്ട് ഗംഭീര്‍. മുപ്പത്തഞ്ച് അര്‍ദ്ധ സെഞ്ചുറികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Scroll to load tweet…