ഐപിഎല്ലിനെ രക്ഷിച്ചത് സെവാഗെന്ന് ക്രിസ് ഗെ‌യ്ല്‍
മൊഹാലി: ഐപിഎല് പതിനൊന്നാം സീസണിലെ താരലേലത്തിന്റെ ആദ്യ ഘട്ടത്തില് വിന്ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയ്ലിനെ സ്വന്തമാക്കാന് ടീമുകള് തയ്യാറായിരുന്നില്ല. ഒടുവില് ടീമുകള് കൈവിട്ട 38കാരനായ താരത്തെ രണ്ട് കോടി രൂപ മുടക്കി ടീമിലെത്തിച്ച് കിംഗ്സ് ഇലവന് പഞ്ചാബ് അതിശയിപ്പിച്ചു. രണ്ട് കളിയില് മാത്രം ഗെയ്ല് തിളങ്ങിയാലും രണ്ട് കോടിക്ക് ലാഭമെന്നാണ് സെവാഗ് ഇതിന് പറഞ്ഞ ന്യായം.
പഞ്ചാബ് ടീമിലെത്തിയപ്പോള് ഗെയ്ലിനെ വൃദ്ധനെന്ന് വിളിച്ച് പരിഹസിക്കാനായിരുന്നു പലര്ക്കും താല്പര്യം. ആദ്യ രണ്ട് മത്സരത്തില് പുറത്തിരുന്നതോടെ ഗെയ്ല് വെറും കടലാസ് പുലിയാണെന്ന് വിമര്ശനങ്ങളുയര്ന്നു. എന്നാല് തന്റെ ആദ്യ മത്സരത്തില് തകര്പ്പന് അര്ദ്ധ സെഞ്ചുറിയുമായി തിളങ്ങിയ താരം രണ്ടാം അങ്കത്തില് വെടിക്കെട്ട് സെഞ്ചുറി നേടി വിമര്ശകരെ അതിര്ത്തി കടത്തി.
മൊഹാലിയില് സണ്റൈസേഴ്സിനെതിരെ സെഞ്ചുറി നേടി ട്വന്റി 20യിലെ യൂണിവേഴ്സല് ബോസ് താന് തന്നെയെന്ന് ഒരിക്കല് കൂടി തെളിയിക്കുകയായിരുന്നു ക്രിസ് ഗെയ്ല്. തന്നെ ടീമിലെടുത്ത സെവാഗ് ഐപിഎല്ലിനെ രക്ഷിച്ചെന്നായിരുന്നു മത്സര ശേഷം ഗെയ്ലിന്റെ പ്രതികരണം. ഇന്ത്യന് പ്രീമിയര് ലീഗില് ഗെയ്ല് തകര്ത്താടുമ്പോള് വിമര്ശനങ്ങള്ക്ക് മറുപടി നല്കുന്നത് താരത്തെ ടീമിലെത്തിച്ച സെവാഗ് കൂടിയാണ്.
