ഐപിഎല്ലില്‍ മുപ്പത്തിയെട്ടുകാരനായ ഗെയ്‌ല്‍ മിന്നും ഫോമിലാണ്

മൊഹാലി: ഐപിഎല്ലില്‍ സണ്‍റൈസേഴ്സിനെതിരായ മത്സരത്തില്‍ പ്രായം തളര്‍ത്താത്ത തന്‍റെ ബാറ്റിംഗ് കരുത്ത് ഒരിക്കല്‍ കൂടി കാട്ടിത്തരികയായിരുന്നു ക്രിസ് ഗെയ്‌ല്‍‍. 11 കൂറ്റന്‍ സിക്സുകള്‍ പറത്തി ബൗളര്‍മാരെ നിശബ്ധരാക്കിയുള്ള തേരോട്ടം. 39 പന്തില്‍ 50 കടന്ന ഗെയ്‌ല്‍ ഇന്നിംഗ്സിലാകെ 63 പന്തില്‍ 104 റണ്‍സ് അടിച്ചെടുത്തു. 2012ന് ശേഷം ആദ്യമായി തുടര്‍ച്ചയായി രണ്ട് അര്‍ധസെഞ്ച്വറി തികയ്ക്കുകയായിരുന്നു വിന്‍ഡീസ് സൂപ്പര്‍ താരം.

ഭുവനേശ്വര്‍ ഒഴികെയെല്ലാവരെയും കടന്നാക്രമിച്ച് ഗെയ്ല്‍‌ മുന്നേറി. ടി20യില്‍ ലോക ഒന്നാം നമ്പര്‍ ബൗളറായ റാഷിദ് ഖാനെ 14-ാം ഓവറില്‍ തുടര്‍ച്ചയായി നാല് തവണ ഗാലറിയിലെത്തിച്ചു. ഒടുവില്‍ 58-ാം പന്തില്‍ ട്വന്‍റി 20 കരിയറിലെ 21മത്തെയും ഐപിഎല്ലിലെ ആറാമത്തെയും സെഞ്ച്വറി കണ്ടെത്തി മിന്നും ഫോം തുടരുകയായിരുന്നു ഗെയ്‌ല്‍. താരലലത്തില്‍ അവസാനനിമിഷം വരെ അവഗണന ലഭിച്ച ഗെയ്‌ലിന്‍റെ മധുര പ്രതികാരം.

എന്നാല്‍ മുപ്പത്തിയെട്ടാം വയസ്സിലും കരുത്തോടെ ബാറ്റ് വീശുന്നതിനെ കുറിച്ച് ഗെയ്ല്‍‌ പറയുന്നതിങ്ങനെ. ഒന്നും തെളിയിക്കാന്‍ തനിക്കില്ല. മകളുടെ ജന്മദിനത്തലേന്ന് ഇതിലും മികച്ച സമ്മാനമില്ല. സെവാഗ് ഉപദേശിച്ച യോഗയും മസാജുമാണ് തന്‍റെ കരുത്തിന്‍റെ രഹസ്യമെന്ന് 11-ാം സീസണിലെ ആദ്യ സെഞ്ച്വറിനേട്ടത്തിന് ശേഷം ഗെയ്‌ല്‍ പറഞ്ഞു. മൊഹാലിയിലെ ബാറ്റിംഗ് വെടിക്കെട്ട് ആര്‍ക്കുമുള്ള മറുപടി അല്ലെന്നും ക്രിസ് ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു.