ഐപിഎല്‍; ചെന്നൈയ്ക്ക് 166 റണ്‍സ് വിജയലക്ഷ്യം

First Published 7, Apr 2018, 9:45 PM IST
IPL2018 csk needs 166 to win vs mi
Highlights
  • മുംബൈ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു

മുംബൈ: ഐപിഎല്‍ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 166 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തുടങ്ങിയ മുംബൈ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. മധ്യനിരയില്‍ ഇഷാന്‍ കിഷന്‍റെയും സൂര്യകുമാര്‍ യാദവിന്‍റെയും പാണ്ഡ്യ സഹോദരന്‍മാരുടെയും കൂറ്റനടികളാണ് മുംബൈയെ തുണച്ചത്. ക്രുണാല്‍ പാണ്ഡ്യ 22 പന്തില്‍ 41 റണ്‍സെടുത്ത അവസാന ഓവറുകളില്‍ തകര്‍ത്താടി. 

സ്വന്തം കാണികള്‍ക്ക് മുമ്പില്‍ മോശം തുടക്കമാണ് മുംബൈ ഇന്ത്യന്‍സിന് ലഭിച്ചത്. ഓപ്പണര്‍മാരായ എവിന്‍ ലെവിസും(0), രോഹിത് ശര്‍മ്മയും(15) പുറത്തായതോടെ 3.5 ഓവറില്‍ രണ്ട് വിക്കറ്റിന് 20 റണ്‍സ് എന്ന നിലയില്‍ മുംബൈ പരുങ്ങി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും  കൂറ്റനടി പുറത്തെടുത്തതോടെ മുംബൈ കരകയറുകയായിരുന്നു. 13-ാം ഓവറിലെ മൂന്നാം പന്തില്‍ സൂര്യകുമാറിനെ പുറത്താക്കി(29 പന്തില്‍ 43) വാട്സണ്‍ ചെന്നൈയെ മത്സരത്തില്‍ തിരിച്ചെത്തിച്ചു. 

എന്നാല്‍ ഒരറ്റത്ത് നിലയുറപ്പിച്ചിരുന്ന ഇഷാന്‍ കിഷന്‍ മുംബൈയുടെ പ്രതീക്ഷ കൈവിടില്ലെന്ന് തോന്നിച്ചു. എന്നാല്‍ 14.4 ഓവറില്‍ താഹിറിന്‍റെ പന്തില്‍ 29 പന്തില്‍ 40 റണ്‍സെടുത്ത കിഷന്‍റെ പോരാട്ടം അസ്തമിച്ചു. പിന്നെ കണ്ടത് വാഖഡെയില്‍ ഹര്‍ദിക് പാണ്ഡ്യയെ സാക്ഷിയാക്കി ക്രുണാല്‍ പാണ്ഡ്യ തകര്‍ത്താടുന്നതാണ്. അതേസമയം ഹര്‍ദിക് പാണ്ഡ്യ 20 പന്തില്‍ 22 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ചെന്നൈയ്ക്കായി വാട്സണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.


 

loader