പഠാനും വില്യംസണും സണ്‍റൈസേഴ്സിനെ മികച്ച സ്കോറിലെത്തിച്ചു

മുംബൈ: ഐപിഎല്‍ പതിനൊന്നാം സീസണ്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 179 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 20 ഓവറില്‍ ആറ് വിക്കറ്റിന് 178 റണ്‍സെടുത്തു. തകര്‍ച്ചയോടെ തുടങ്ങിയ സണ്‍റൈസേഴ്സിനെ നായകന്‍ വില്യംസണും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച പഠാനുമാണ് മികച്ച സ്കോറിലെത്തിച്ചത്. ചെന്നൈക്കായി എന്‍ഗിഡി, ഠാക്കൂര്‍, കരണ്‍, ബ്രാവോ, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി.

ഓപ്പണര്‍മാരായ ഗോസ്വാമി അഞ്ച് റണ്‍സെടുത്തും ധവാന്‍ 26 റണ്‍സുമായും പുറത്തായി. എന്നാല്‍ 47 റണ്‍സെടുത്ത വില്യംസണ്‍ സണ്‍റൈസേഴ്സിനെ 12 ഓവറില്‍ 100 കടത്തി. പിന്നാലെ യുസഫ് പഠാനും ഷാക്കിബ് അല്‍ ഹസനും ചേര്‍ന്ന് സണ്‍റൈസേഴ്സിന്‍റെ നില സുരക്ഷിതമാക്കി. ഷാക്കിബ് 23 റണ്‍സെടുത്ത് പുറത്തായി. ബ്രാത്ത്‌വെയ്റ്റ് 11 പന്തില്‍ 21 റണ്‍സെടുത്തു. എന്നാല്‍ 25 പന്തില്‍ 45 റണ്‍സുമായി പഠാന്‍ പുറത്താകാതെ നിന്നതോടെ സണ്‍റൈസേഴ്സ് മികച്ച സ്കോറിലെത്തി..

വാംഖഡേ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഫൈനലില്‍ വന്‍ മാറ്റങ്ങളുമായാണ് ചെന്നൈയും സണ്‍റൈസേഴ്സും ഇറങ്ങിയത്. ചെന്നൈ നിരയില്‍ ഹര്‍ഭജന് പകരം കരണ്‍ ശര്‍മ്മയും, സണ്‍റൈസേഴ്സിനായി സാഹയ്ക്ക് പകരം ഗോസ്വാമിയും ഖലീലിന് പകരം സന്ദീപ് ശര്‍മ്മയുമാണ് കളിക്കുന്നത്.