എബിഡിയും ഡികോക്കും അര്‍ദ്ധ സെഞ്ചുറി നേടി

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 206 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ ദക്ഷിണാഫ്രിക്കന്‍ സഖ്യം എബിഡിയും ഡികോക്കുമാണ് ബാംഗ്ലൂരിനെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. അവസാന പന്തുകളില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ റോയല്‍ ചലഞ്ചേഴ്സിനെ 200 കടത്തി. 

കോലിയും ഡികോക്കും ചേര്‍ന്ന് റോയല്‍ ചലഞ്ചേഴ്സിന് നല്‍കിയത് മികച്ച തുടക്കം. എന്നാല്‍ റണ്‍റേറ്റ് നിലനിര്‍ത്താനുള്ള ശ്രമത്തിനിടെ അഞ്ചാം ഓവറില്‍ ഠാക്കൂറിന്‍റെ രണ്ടാം പന്തില്‍ കോലി പുറത്ത്. 15 പന്തില്‍ 18 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദക്ഷിണാഫ്രിക്കന്‍ സഖ്യമായ ഡികോക്കും എബിഡിയും ചേര്‍ന്ന് ചെന്നൈ ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്തി. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് 81-1.

12-ാം ഓവറിലെ അവസാന പന്തില്‍ വാട്സണെ അതിര്‍ത്തിക്ക് പുറത്തേക്ക് പറത്തി ഡികോക്ക് 35 പന്തില്‍ അര്‍ദ്ധ സെഞ്ചുറിയിലെത്തി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ഠാക്കൂറിനെ ലോംഗ് ഓണിലേക്ക് പറത്തി എബിഡിയും (23 പന്തില്‍) അമ്പത് തികച്ചു. അടുത്ത രണ്ട് പന്തുകള്‍ കൂടി അതിര്‍ത്തിക്ക് പുറത്തേക്ക്. 14-ാം ഓവറിലെ ആദ്യ പന്തില്‍ ബ്രാവോയുടെ സ്ലോ ബൗളില്‍ ഡികോക്ക് (37 പന്തില്‍ 53) പുറത്ത്. കൂറ്റന്‍ സ്കോര്‍ എന്ന ലക്ഷ്യം അപ്പോഴും ബാംഗ്ലൂരിന് മുന്നിലുണ്ടായിരുന്നു.

എന്നാല്‍ താഹിര്‍ എറിഞ്ഞ 15-ാം ഓവറിലെ അവസാന രണ്ട് പന്തുകളില്‍ എബിഡിയെയും ആന്‍ഡേഴ്‌സണെയും പുറത്താക്കി ചെന്നൈ മത്സരത്തില്‍ തിരിച്ചെത്തി. എബിഡി 30 പന്തില്‍ 68 റണ്‍സും ആന്‍ഡേഴ്‌സണ്‍ എട്ട് പന്തില്‍ രണ്ട് റണ്‍സുമാണ് എടുത്തിരുന്നത്. പ്രതിരോധത്തിലാകും എന്ന് കരുതിയ റോയല്‍ ചലഞ്ചേഴ്സിനെ മന്‍ദീപ്- ഗ്രാന്‍റ്‌ഹോം സഖ്യം രക്ഷിച്ചു. 19-ാം ഓവറില്‍ 17 പന്തില്‍ 32 റണ്‍സെടുത്ത് മന്‍ദിപും അവസാന ഓവറില്‍ മൂന്ന് പേരും പുറത്തായെങ്കിലും സുന്ദര്‍ ഫിനിഷിംഗില്‍ ബാംഗ്ലൂര്‍ അനായാസം 200 കടന്നു.