സൂപ്പര്‍ പേസര്‍ക്ക് പരിക്കേറ്റത് ചെന്നൈയ്ക്ക് തിരിച്ചടിയാണ്
പൂനെ: ഐപിഎല്ലില് മുംബൈ ഇന്ത്യന്സിനോട് പരാജയപ്പെട്ടതിന് പിന്നാലെ ചെന്നൈ സൂപ്പര് കിംഗ്സിന് ഇരുട്ടടി. ടീമിലെ മികച്ച പേസറായ യുവ ഇന്ത്യന് താരം ദീപക് ചഹാറിന് പരിക്കേറ്റു. സീസണില് ചെന്നൈയ്ക്കായി ബൗളിംഗ് ഓപ്പണ് ചെയ്തിരുന്ന പേസര്മാരില് ഒരാളാണ് ചഹാര്. കാലിലെ മസിലിനേറ്റ പരിക്കുമൂലം ചഹാറിന് രണ്ടാഴ്ച്ചത്തെ വിശ്രമമാണ് ഡോക്ടര്മാര് നിര്ദേശിച്ചിരിക്കുന്നത്.
മുംബൈ ഇന്ത്യന്സിനെതിരായ മത്സരത്തില് ദീപകിന് നാല് ഓവര് പൂര്ത്തിയാക്കാനായിരുന്നില്ല. എന്നാല് സൂപ്പര് കിംഗ്സിനായി ഈ സീസണില് മികച്ച പ്രകടനമാണ് ചഹാര് നടത്തിയത്. ഏഴു മത്സരങ്ങളില് നിന്ന് 25.50 ശരാശരിയില് ആറു വിക്കറ്റുകള് വീഴ്ത്താനായി. സണ്റൈസേഴ്സ് ഹൈദരാബാദിനെതിരെ 15 റണ്സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയതാണ് താരത്തിന്റെ മികച്ച പ്രകടനം.
ഇതോടെ മികച്ച ഫോമിലുള്ള ചഹാറിന് പകരം ആരെ കളിപ്പിക്കണം എന്ന ആശയക്കുഴപ്പത്തിലാണ് ചെന്നൈ സൂപ്പര് കിംഗ്സ് നായകന് എംഎസ് ധോണി. നാട്ടില് നിന്ന് മടങ്ങിയെത്തിയ ദക്ഷിണാഫ്രിക്കന് പേസര് ലുങ്കി എന്ഗിഡി ചഹാറിന് പകരക്കാരനായി ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിക്ക് മാറിയ ഫാഫ് ഡുപ്ലസിസിനെ എവിടെ കളിപ്പിക്കും എന്നതും ധോണിക്ക് തലവേദനയാണ്.
