ശ്രേയാസ് അയ്യർ പുതിയ നായകന്‍

ദില്ലി: ഐപിഎല്ലില്‍ ഡെല്‍ഹി ഡെയർഡെവിള്‍സ് നായക സ്ഥാനം ഗൌതം ഗംഭീർ ഒഴിഞ്ഞു. ശ്രേയാസ് അയ്യരാണ് ടീമിന്‍റെ പുതിയ നായകന്‍. ഐപിഎല്‍ പതിനൊന്നാം സീസണിലെ മോശം പ്രകടനമാണ് ഗംഭീറിനെ നായക സ്ഥാനത്തുനിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചത്. "ടീമിനായി മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിച്ചില്ല. പരാജയത്തിന്‍റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. നായക പദവി ഒഴിയാന്‍ അനുയോജ്യമായ സമയമാണിത്"- ഫിറോസ് ഷാ കോട്ലയില്‍ നടന്ന വാർത്താസമ്മേളനത്തില്‍ ഗൌതം ഗംഭീർ പറഞ്ഞു. 

"തന്നെ നായകനായി തെരഞ്ഞെടുത്തതില്‍ മാനേജ്മെന്‍റിനും പരിശീലകർക്കും നന്ദിയറിയിക്കുന്നു. ഇത് തനിക്കുള്ള അംഗീകാരമാണ്." നായകനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അയ്യർ മാധ്യമങ്ങളോട് പ്രതികരിച്ചു. മുന്‍ ക്ലബായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി രണ്ട് ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുള്ള ഗംഭീറിന് ഈ സീസണില്‍ ബാറ്റിംഗിലും നായകനായും തിളങ്ങാനായിരുന്നില്ല. പതിനൊന്നാം സീസണില്‍ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ദില്ലി ആറ് മത്സരങ്ങളി‌ല്‍ ഒന്നില്‍ മാത്രമാണ് വിജയിച്ചത്.