കിംഗ്സ് ഇലവന്‍ പഞ്ചാബിന് നാല് റണ്‍സിന്‍റെ ജയം

മൊഹാലി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് നാല് റണ്‍സിന്‍റെ വിജയം. കിംഗ്സ് ഇലവന്‍ ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 20 ഓവറില്‍ 193 എടുക്കാനേ കഴിഞ്ഞുള്ളൂ. കളി കൈവിട്ടെന്ന് തോന്നിയിടത്തു നിന്ന് നായകന്‍ എംഎസ് ധോണി തിരിച്ചടിച്ചെങ്കിലും മോഹിത് ശര്‍മ്മയെറിഞ്ഞ അവസാന ഓവറില്‍ ചെന്നൈ കീഴടങ്ങി. 44 പന്തില്‍ 79 റണ്‍സെടുത്ത ധോണിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ടോപ് സ്കോറര്‍. ടൈ രണ്ട് വിക്കറ്റ് വീഴ്ത്തി.

‍കിംഗ്സ് ഇലവന്‍ ഉയര്‍ത്തിയ മികച്ച സ്‌കോര്‍ പിന്തുടരാനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തുടക്കത്തിലെ പിഴച്ചു. 39 റണ്‍സെടുക്കുന്നതിനിടയില്‍ ഓപ്പണര്‍മാരായ വാട്‌സണ്‍(11), വിജ‌യ്(12) എന്നിവര്‍ കൂടാരം കയറി. മൂന്നാമനായെത്തിയ അമ്പാട്ടി റായിഡു ചെറുത്തിനില്‍ക്കാന്‍ ശ്രമിച്ചു. ഇതിനിടെ കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തിലെ സൂപ്പര്‍ ഹീറോ സാം ബില്ലിംഗ്സ് എട്ട് പന്തില്‍ ഒമ്പത് റണ്‍സ് മാത്രമെടുത്ത് അശ്വിന്‍റെ പന്തില്‍ പുറത്തായത് ചെന്നൈയെ വലച്ചു.

അമ്പാട്ടി റായിഡുവിനൊപ്പം നായകന്‍ എംഎസ് ധോണി ചേര്‍ന്നതോടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്രതീക്ഷ വീണ്ടെടുത്തു. 14-ാം ഓവറില്‍ അര്‍ദ്ധ സെഞ്ചുറിക്കരികെ റണൗട്ടിലൂടെ റായിഡുവിനെ(49) പുറത്താക്കി അശ്വിന്‍ കിംഗ്സ് ഇലവന്‍ ബ്രോക്ക് ത്രൂ നല്‍കി. ഇതോടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരം കൈവിട്ടുവെന്ന് തോന്നിച്ചു. അവസാന മൂന്ന് ഓവറില്‍ ചെന്നൈയ്ക്ക് 55 റണ്‍സാണ് വേണ്ടിയിരുന്നത്. 34 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച് ധോണി പ്രതീക്ഷ കാത്തു. 

അവസാന രണ്ട് ഓവറില്‍ 36 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ധോണിയും ജഡേജയും ടീമിനെ നയിച്ചു. എന്നാല്‍ ടൈ എറിഞ്ഞ പത്തൊമ്പതാം ഓവറിലെ രണ്ടാം പന്തില്‍ സിക്‌സറിനുള്ള ജഡേജയുടെ ശ്രമം അശ്വിന്‍റെ കൈയില്‍ അവസാനിച്ചു. ധോണി രണ്ട് സിക്സും ഒരു ബൗണ്ടറിയും നേടിയതോടെ ചെന്നൈയുടെ വിജയലക്ഷ്യം ഒരോവറില്‍ 17. ആദ്യ പന്തില്‍ ബ്രാവോയുടെ സിംഗിള്‍. രണ്ടാം പന്ത് ധോണി പാഴാക്കി. മൂന്നാം പന്തില്‍ വൈഡും ഫോറും. ഒരു പന്ത് കൂടി ധോണി പാഴാക്കിയതോടെ വീണ്ടും പ്രതിരോധത്തില്‍. അഞ്ചാം പന്തില്‍ പിറന്നത് രണ്ട് റണ്‍സ്. അതേസമയം അവസാന പന്ത് ഗാലറിയിലെത്തിയെങ്കിലും വിജയം അകലെയായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവന്‍ പഞ്ചാബ് ക്രിസ് ഗെയ്‌ലിന്‍റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 197ലെത്തി. ക്രിസ് ഗെയ്‌ലും കെ.എല്‍ രാഹുലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഗെയ്‌ല്‍ 33 പന്തില്‍ ഏഴ് ബൗണ്ടറിയും നാല് സിക്സും അടക്കം 63 റണ്‍സെടുത്തു. രാഹുല്‍(37), അഗര്‍വാള്‍(30), കരുണ്‍(29, യുവ്‌രാജ്‍(20) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോര്‍. ചെന്നൈയ്ക്കായി ഠാക്കൂര്‍, താഹിര്‍ എന്നിവര്‍ രണ്ടുവീതവും ഹര്‍ഭജനും വാട്‌സണും ബ്രാവോയും ഓരോ വിക്കറ്റും പിഴു‌തു.