പരിക്കേറ്റ സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയിരുന്നു
കൊല്ക്കത്ത: ഐപിഎല് പതിനൊന്നാം സീസണില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സുവര്ണ പ്രതീക്ഷകളില് ഒരാളായിരുന്നു ഓസീസ് പേസര് മിച്ചല് സ്റ്റാര്ക്ക്. താരലേലത്തില് 9.40 കോടി മുടക്കിയാണ് ഓസീസ് പേസ് എക്സ്പ്രസിനെ കൊല്ക്കത്ത ടീമിലെത്തിച്ചത്. എന്നാല് പരിക്കേറ്റ് സീസണ് തുടങ്ങും മുമ്പ് സ്റ്റാര്ക്ക് പിന്മാറിയത് കൊല്ക്കത്ത ക്യാമ്പിന് തിരിച്ചടിയായി.
സ്റ്റാര്ക്ക് പിന്മാറിയതോടെ പകരം താരത്തെ എത്തിക്കാനുള്ള ശ്രമത്തിലായി കൊല്ക്കത്ത മാനേജ്മെന്റ്. ഒടുവില് ഇംഗ്ലീഷ് പേസര് ടോം കുരാനെ പകരക്കാരനായി ടീമിലെത്തിച്ചു. എന്നാല് സ്റ്റാര്ക്കിനോളം അപകടകാരിയായി പന്തെറിയാന് കുരാന് കഴിയുമോയെന്ന ആശങ്കയിലാണ് കൊല്ക്കത്ത ആരാധകര്. 150 കിമി വേഗതയില് യോര്ക്കറുകള് എറിയുന്ന എക്കാലത്തെയും മികച്ച പേസര്മാരില് ഒരാളാണ് സ്റ്റാര്ക്ക്.
എന്നാല് ടീമിലെത്തിയ കുരാന് സ്റ്റാര്ക്കിന്റെ അസാന്നിധ്യം നികത്താനാകുമെന്ന പ്രതീക്ഷയിലാണ് കൊല്ക്കത്ത പരിശീലകനായ ദക്ഷിണാഫ്രിക്കന് ഇതിഹാസം ജാക്ക് കാലിസ്. ഓസീസ് എക്സ്പ്രസിന്റെ അസാന്നിധ്യം നികത്താന് കുരാന് സാധിക്കുമെന്ന് കാലിസ് പറയുന്നു. സ്റ്റാര്ക്കിനോളം അതിവേഗത ഇല്ലെങ്കിലും സ്ലോ ബോളുകള് എറിയാനും മികച്ച യോര്ക്കറുകള് ഉതിര്ക്കാനും ഇംഗ്ലീഷ് താരത്തിന് കഴിവുണ്ട്.
