ഡെയര്‍ഡെവിള്‍സ് നായകന്‍ ശ്രേയാസ് അയ്യര്‍ക്ക് 40 പന്തില്‍ 93

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 220 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡെയര്‍ഡെവിള്‍സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. 40 പന്തില്‍ 10 സിക്സുകളും മൂന്ന് ബൗണ്ടറികളും സഹിതം 93 റണ്‍സെടുത്ത നായകന്‍ ശ്രേയാസ് അയ്യരാണ് ഡെയര്‍ഡെവിള്‍സിനെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. പൃഥ്വി ഷാ അര്‍ദ്ധ സെഞ്ചുറി നേടി. 

പുതിയ നായകന് കീഴില്‍ വെടിക്കെട്ട് ബാറ്റിംഗാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് കാഴ്ച്ചവെച്ചത്. ഓപ്പണര്‍മാരായ പൃഥ്വി ഷായും കോളിന്‍ മണ്‍റോയും മികച്ച തുടക്കം നല്‍കി. ഇരുവരും തകര്‍ത്തടിച്ചപ്പോള്‍ പവര്‍പ്ലേയില്‍ സ്വന്തമാക്കിയത് 57 റണ്‍സ്. എന്നാല്‍ ഏഴാം ഓവറില്‍ 18 പന്തില്‍ 33 റണ്‍സെടുത്ത മണ്‍റോയെ പുറത്താക്കി ശിവം മാവി കൊല്‍ക്കത്തയ്ക്ക് മത്സരത്തിലാദ്യമായി ആനുകൂല്യം നേടിക്കൊടുത്തു. 

മൂന്നാം വിക്കറ്റില്‍ ബാറ്റിംഗ് വെടിക്കെട്ട് തുടരുകയായിരുന്നു ഷായും നായകന്‍ ശ്രേയാസ് അയ്യരും. ഇതോടെ 10 ഓവര്‍ പിന്നിടുമ്പോള്‍ ഡെയര്‍ഡെവിള്‍സ് 80 കടന്നു. പൃഥ്വി ഷാ 38 പന്തില്‍ അര്‍ദ്ധ സെഞ്ചുറിയിലെത്തി. ഷായെ 44 പന്തില്‍ 62 റണ്‍സെടുത്ത് നില്‍ക്കേ ചൗള പുറത്താക്കി. അധികം വൈകാതെ റസലിന്‍റെ പന്തില്‍ ഗോള്‍ഡണ്‍ ഡക്കായി കൂറ്റനടിക്കാരന്‍ റിഷഭ് പന്തും മടങ്ങി.

എന്നാല്‍ അപ്രതീക്ഷതമായി ലഭിച്ച ഇരട്ട പ്രഹരത്തില്‍ ഡല്‍ഹി പതറിയില്ല. ഒരറ്റത്ത് നായകന്‍ ശ്രേയാസ് അയ്യര്‍ അടി തുടര്‍ന്നു. പതുക്കെ താളം കണ്ടെത്തിയ മാക്സുവെല്ലും കൂടി ചേര്‍ന്നതോടെ ഫിറോസ് ഷാ കോട്‌ലയില്‍ റണ്‍സ് ഒഴുകി. അവസാന ഓവറുകളില്‍ നരെയ്‌നും ജോണ്‍സണും മാവിയും അടി വാങ്ങിയപ്പോള്‍ ഡെയര്‍ഡെവിള്‍സ് സ്കോര്‍ ബോര്‍ഡില്‍ കൂറ്റന്‍ സ്കോര്‍ എഴുതിച്ചേര്‍ത്തു.