ബുധനാഴ്ച രാജസ്ഥാനും കൊല്‍ക്കത്തയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഓറഞ്ച് ക്യാപ്പ് തിരികെപ്പിടിക്കാന്‍ സഞ്ചുവിനും റസലിനും അവസരമുണ്ട്.

മുംബൈ: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ബാറ്റ്സ്മാനുള്ള ഓറഞ്ച് ക്യാപ്പിന് പുതിയ അവകാശി. മുംബൈക്കെതിരെ പുറത്താകാതെ നേടിയ അര്‍ധസെഞ്ചുറി പ്രകടനത്തോടെ ബംഗലൂരു നായകന്‍ വിരാട് കോലിയുടെ തലയിലായി ഇപ്പോള്‍ ഓറഞ്ച് ക്യാപ്പ്. രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ് ബംഗലൂരുവിനെതിരെ സ്വന്തമായ ഓറഞ്ച് ക്യാപ്പാണ് കോലി സ്വന്തമാക്കിയത്. നാലു കളികളില്‍ 201 റണ്‍സാണ് ഇപ്പോള്‍ കോലിയുടെ പേരിലുള്ളത്. മൂന്ന് കളികളില്‍ 178 റണ്‍സുള്ള സഞ്ജു രണ്ടാമതാണ്. 153 റണ്‍സുള്ള കൊല്‍ക്കത്തയുടെ ആന്ദ്രെ റസലാണ് മൂന്നാം സ്ഥാനത്ത്.

ബുധനാഴ്ച രാജസ്ഥാനും കൊല്‍ക്കത്തയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഓറഞ്ച് ക്യാപ്പ് തിരികെപ്പിടിക്കാന്‍ സഞ്ചുവിനും റസലിനും അവസരമുണ്ട്. കൊല്‍ക്കത്തക്കെതിരെ 24 റണ്‍സെടുത്താല്‍ സഞ്ജുവിന്റെ തലയിലാകും വീണ്ടും ഓറഞ്ച് ക്യാപ്പ്. അതേസമയം ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പ് ബംഗലൂരുവിന്റെ ക്രിസ് വോക്സില്‍ നിന്ന് മുംബൈയുടെ യുവ സ്പിന്നര്‍ മയാങ്ക് മര്‍ക്കണ്ഡെ സ്വന്തമാക്കി.

നാലു മത്സരങ്ങളില്‍ നിന്ന് എട്ടു വിക്കറ്റാണ് മര്‍ക്കണ്ഡെയുടെ സമ്പാദ്യം. എട്ടു വിക്കറ്റുള്ള ക്രിസ് വോക്സും ഏഴ് വിക്കറ്റുള്ള സുനില്‍ നരെയ്നുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.