എതിരാളികളെ എറിഞ്ഞൊതുക്കാന്‍ മിടുക്കരായ സണ്‍റൈസേഴ്സിന് അടിതെറ്റി

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫില്‍. സണ്‍റൈസേഴ്സ് മുന്നോട്ടുവെച്ച 173 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ കൊല്‍ക്കത്ത മറികടന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ ലിന്നും നാല് വിക്കറ്റ് വീഴ്ത്തിയ പ്രസിദുമാണ് കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായകമായത്. സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ക്ക് പതിവ് മികവ് മത്സരത്തില്‍ പുറത്തെടുക്കാനായില്ല. 

നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച സണ്‍റൈസേഴ്സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. മികച്ച തുടക്കം ലഭിച്ചെങ്കിലും അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞതാണ് സണ്‍റൈസേഴ്സിനെ 200ല്‍ താഴെ സ്കോറിലൊതുക്കിയത്. സണ്‍റൈസേഴ്സിനായി ധവാന്‍ അര്‍ദ്ധ സെഞ്ചുറി നേടിയപ്പോള്‍ കൊല്‍ക്കയ്ക്കായി പ്രസിദ് നാല് വിക്കറ്റ് വീഴ്ത്തി. അവസാന ഓവറില്‍ മാത്രം നാല് വിക്കറ്റാണ് സണ്‍റൈസേഴ്സ് നഷ്ടപ്പെടുത്തിയത്.

ഓപ്പണര്‍മാരായ ധവാനും ഗോസ്വാമിയും ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 79 റണ്‍സ്. ഗോസ്വാമി 26 പന്തില്‍ 35 റണ്‍സും ധവാന്‍ 39 പന്തില്‍ 50 റണ്‍സുമെടുത്തു. വില്യംസണ്‍ 17 പന്തില്‍ 36 റണ്‍സ് നേടി. പിന്നാലെ സണ്‍റൈസേഴ്സ് വിക്കറ്റുകള്‍ തുടരെ വീണു. പഠാന്‍(2), ബ്രാത്ത്‌വെയ്റ്റ്(3), പാണ്ഡെ(25), ഷാക്കിബ്(10), റഷീദ്(0), ഭുവി(10) എന്നിങ്ങനെയായിരുന്നു സ്കോര്‍. കൊല്‍ക്കത്തയ്ക്കായി റസല്‍, നരെ‌യ്ന്‍, കുല്‍ദീപ്, സിര്‍ലിസ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. 

മറുപടി ബാറ്റിംഗില്‍ പതിവ് വെടിക്കെട്ട് തുടരുകയായിരുന്നു ഓപ്പണര്‍ നരെ‌യ്ന്‍. ഷാക്കിബ് എറിഞ്ഞ നാലാം ഓവറില്‍ പുറത്താക്കിയെങ്കിലും ആകെ 10 പന്തില്‍ നരെയ്ന്‍ 29 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. രണ്ടാം വിക്കറ്റില്‍ ലിന്‍- ഉത്തപ്പ സഖ്യം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തു. ലിന്‍ 55ല്‍ പുറത്തായപ്പോള്‍, കാര്‍ത്തികിനെ കൂട്ടുപിടിച്ച് ഉത്തപ്പ അടിതുടര്‍ന്നു. കൗളാണ് ലിന്നിനെ പുറത്താക്കിയത്. നാല് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ലിന്നിന്‍റെ ഇന്നിംഗ്സ്.

അവസാന നാല് ഓവറില്‍ എട്ട് വിക്കറ്റ് ശേഷിക്കേ കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ 26 റണ്‍സ് മതിയെന്നായി. 17-ാം ഓവറിലെ രണ്ടാം അര്‍ദ്ധ സെഞ്ചുറിക്കരികെ ഉത്തപ്പയെ(45) വീഴ്‌ത്തി ബ്രാത്ത്‌വെയ്റ്റ് കൊല്‍ക്കത്തയെ ഞെട്ടിച്ചു. കൗളിന്‍റെ അടുത്ത ഓവറില്‍ റസലും(4) പുറത്തായി. ഇരുടീമും തുല്യത പാലിക്കവെ ബ്രാത്ത്‌വെയ്റ്റ് ഏഴ് റണ്‍സെടുത്ത റൗണയെയും പുറത്താക്കി. എന്നാല്‍ കാര്‍ത്തിക്- ഗില്‍ സഖ്യം കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചു. കാര്‍ത്തിക്(26), ഗില്‍(0) പുറത്താകാതെ നിന്നു.