ബംഗലൂരുവിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത രാജസ്ഥാനും ഡല്‍ഹിയെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കെട്ടുകെട്ടിച്ച കൊല്‍ക്കത്തയും ലക്ഷ്യമിടുന്നത് സീസണിലെ മൂന്നാം ജയം.

ജയ്പൂര്‍: ഐപിഎല്ലില്‍ ബംഗലൂരു നായകന്‍ വിരാട് കോലി സ്വന്തമാക്കിയ ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിക്കാനുറച്ച് സഞ്ജു സാംസണ്‍ ഇന്ന് വീണ്ടും ഇറങ്ങും. രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളികള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ്. ജയ്പ്പൂരില്‍ രാത്രി എട്ട് മണിക്കാണ് മത്സരം. ശക്തരായ എതിരാളികളെ കീഴടക്കിയതിന്റെ ആവേശത്തിലാണ് രണ്ട് ടീമുകളും ഗ്രൗണ്ടിലിറങ്ങുന്നത്.

ബംഗലൂരുവിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത രാജസ്ഥാനും ഡല്‍ഹിയെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കെട്ടുകെട്ടിച്ച കൊല്‍ക്കത്തയും ലക്ഷ്യമിടുന്നത് സീസണിലെ മൂന്നാം ജയം. എന്നാല്‍ നാലാമങ്കത്തിന് ഇറങ്ങുന്ന രാജസ്ഥാനേക്കാള്‍, ഒരു മത്സരം കൂടുതല്‍ കളിച്ചിട്ടുണ്ട് കൊല്‍ക്കത്ത. രണ്ട് കരിബീയന്‍ താരങ്ങളാണ് കൊല്‍ക്കത്തയുടെ കരുത്ത്. ഓള്‍റൗണ്ടര്‍ ആന്ദ്രേ റസ്സലും, സ്‌പിന്നര്‍ സുനില്‍ നരെയ്നും. മികച്ച ഫോമിലുള്ള സഞ്ജു സാംസണെ തളയ്‌ക്കാനുള്ള നിയോഗം നരേയെനില്‍ തന്നെ എത്താനാണ് സാധ്യത.

അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയ റോയല്‍സ് ഉപദേഷ്‌ടാവ് ഷെയിന്‍ വോണ്‍ ഇന്ന് ടീമിനൊപ്പം ഉണ്ടാകില്ല. സഹപരിശീലകരായ മജുംദാറിനും ബഹുതുലെയ്‌ക്കുമാണ് ചുമതല. ത്രിപാഠിയെ ഓപ്പണിംഗിന് അയച്ച്, ഷോര്‍ട്ടിന് പകരം ജോഫ്രാ ആര്‍ച്ചറെ പരീക്ഷിക്കുന്നത് റോയല്‍സ് പരിഗണിച്ചേക്കും. റോയല്‍സിന്റെ സ്റ്റോക്‌സും, നൈറ്റ് റൈഡേഴ്‌സിന്റെ ലിന്നും കഴിഞ്ഞ സീസണിലെ മികവിലേക്കുയരാത്തത് ടീമുകളെ വലയ്‌ക്കുന്നുണ്ട്. ജയ്പ്പൂരില്‍ അവസാനം കളിച്ച ഒമ്പത് മത്സരങ്ങളിലും ജയിച്ചത് റോയല്‍സിന് ആത്മവിശ്വാസം നല്‍കും.