കൂറ്റന്‍ സ്കോര്‍ നേടിയിട്ടും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ പരാജയപ്പെട്ട ടീമിന് ആശ്വാസ വാര്‍ത്തയാണിത്

കൊല്‍ക്കത്ത: സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തിന് മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആശ്വാസ വാര്‍ത്ത. കൊല്‍ക്കത്തയുടെ ഓസീസ് പേസ് മെഷീന്‍ മിച്ചല്‍ ജോണ്‍സണ്‍ മത്സരത്തിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ബൗളിംഗ് പരിശീലകന്‍ ഹീത്ത് സ്ട്രീക്ക് വ്യക്തമാക്കി. പൂര്‍ണ ശാരീരികക്ഷമത ഇല്ലായിരുന്ന താരം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കളത്തിലിറങ്ങിയിരുന്നില്ല. 

മത്സരത്തില്‍ കൊല്‍ക്കത്ത 202 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ നേടിയിട്ടും ചെന്നൈ പിന്തുടര്‍ന്ന് വിജയിച്ചിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ ചെന്നൈക്ക് 17 റണ്‍സാണ് വേണ്ടിയിരുന്നത്. പന്തെറിയാനെത്തിയ വിനയ്‌കുമാര്‍ ഒരു പന്ത് ബാക്കിനില്‍ക്കേ വിജയറണ്‍ വഴങ്ങി. എന്നാല്‍ വിനയ്‌കുമാറിന്‍റെ സ്ഥാനത്ത് ജോണ്‍സണെ പോലൊരു ബൗളറുണ്ടായിരുന്നെങ്കില്‍ കൊല്‍ക്കത്ത ജയിച്ചേനെ എന്ന് ചില ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു.

ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ ജോണ്‍സണ്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. നാല് ഓവറെറിഞ്ഞ താരം 30 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. മാത്രമല്ല ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള താരം കൂടിയാണ് ജോണ്‍സണ്‍. അതിനാല്‍ ജോണ്‍സണ്‍ തിരിച്ചെത്തിയാല്‍ കൊല്‍ക്കത്ത ബൗളിംഗിന്‍റെ മൂര്‍ച്ച കൂടുമെന്നുറപ്പ്. ശനിയാഴ്ച്ചയാണ് കൊല്‍ക്കത്ത- ഹൈദരാബാദ് പോരാട്ടം.