ഐപിഎല്ലില്‍ നായകനായി 150 മത്സരങ്ങള്‍ തികച്ച ആദ്യ താരം
പൂനെ: നായകനെന്ന നിലയില് ഒട്ടേറെ റെക്കോര്ഡുകള് സ്വന്തം പേരിലുള്ള താരമാണ് മുന് ഇന്ത്യന് ക്യാപ്റ്റന് എംഎസ് ധോണി. ഐപിഎല്ലില് ചെന്നൈ സൂപ്പര് കിംഗ്സ് നായകനെന്ന നിലയിലും മികച്ച റെക്കോര്ഡാണ് ധോണിക്കുള്ളത്. ഐപിഎല് പതിനൊന്നാം സീസണ് ആവേശപൂര്വം പുരോഗമിക്കുന്നതിനിടെ മറ്റൊരു നാഴികക്കല്ല് കൂടി ധോണി സ്വന്തമാക്കിയിരിക്കുകയാണ്.
ഐപിഎല്ലില് നായകനായി 150 മത്സരങ്ങള് തികച്ച ആദ്യ താരമാണ് ആരാധകരുടെ പ്രിയപ്പെട്ട 'തല'. മുംബൈ ഇന്ത്യന്സിനെതിരായ മത്സരത്തോടെയാണ് ധോണി റെക്കോര്ഡ് ബുക്കില് ഇടം നേടിയത്. മുംബൈ ഇന്ത്യന്സിനെതിരെ ജയിക്കാനായാല് ചരിത്ര മത്സരത്തില് ധോണിക്കത് ഇരട്ടി മധുരമാകും. ധോണി നായകനായ കഴിഞ്ഞ 149 കളികളില് 88ലും വിജയം ചെന്നൈയ്ക്കൊപ്പമായിരുന്നു.
കഴിഞ്ഞ പത്ത് സീസണുകളില് എട്ടിലും ചെന്നൈയെ നയിച്ച ധോണി രണ്ട് കിരീടവും നാല് റണ്ണര് അപ്പ് സ്ഥാനവും ടീമിന് നേടിക്കൊടുത്തു. ഐപിഎല് 11-ാം സീസണില് മിന്നും ഫോമിലാണ് ചെന്നൈ സൂപ്പര് കിംഗ്സ് നായകന്. ധോണിക്കൊപ്പം ചെന്നൈ സൂപ്പര് കിംഗ്സും മികച്ച പ്രകടനമാണ് സീസണില് കാഴ്ച്ചവെക്കുന്നത്. ധോണിയുടെ നായകത്വത്തില് നിലവില് ഒന്നാം സ്ഥാനക്കാരാണ് ചെന്നൈ സൂപ്പര് കിംഗ്സ്.
