ധോണിയെ കുറിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒയുടെ വെളിപ്പെടുത്തല്‍
ചെന്നൈ: ഐപിഎല്ലില് മികച്ച പ്രകടനമാണ് ഇക്കുറി ചെന്നൈ സൂപ്പര് കിംഗ്സ് കാഴ്ച്ചവെക്കുന്നത്. 11 കളിയില് ഏഴ് ജയവുമായി രണ്ടാം സ്ഥാനത്താണ് നിലവില് ചെന്നൈ ടീം. എംഎസ് ധോണി എന്ന കപ്പിത്താന്റെ ചുമലിലേന്തിയാണ് രണ്ടാം വരവില് ചെന്നൈ കുതിക്കുന്നത്. റായിഡു കഴിഞ്ഞാല് ചെന്നൈക്കായി സീസണില് കൂടുതല് റണ്സ് നേടിയിരിക്കുന്നതും ധോണി(393) തന്നെ.
വിജയക്കുതിപ്പിനിടയില് ചെന്നൈ സൂപ്പര് കിംഗ്സ് നായകന് എംഎസ് ധോണിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടീം സിഇഒ കാശി വിശ്വനാഥന്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരില് ഒരാളായ ധോണിയെ ടീമിന്റെ നേതൃനിരയിലേക്ക് ലഭിച്ചതില് സന്തോഷമുണ്ട്. സഹ താരങ്ങളില് നിന്ന് മികച്ച പ്രകടനം സൃഷ്ടിക്കാന് ധോണിക്ക് കഴിയുന്നു. ധോണിയുടെ നായകശേഷിയും പ്രതിഭയും അത്ഭുതപ്പെടുത്തുന്നതാണെന്നും ചെന്നൈ സൂപ്പര് കിംഗ്സ് സിഇഒ പറയുന്നു.
ധോണിക്കൊപ്പം ചെന്നൈ സൂപ്പര് കിംഗ്സിലെ മറ്റ് താരങ്ങളുടെ പ്രകടനത്തെയും കാശി വിശ്വനാഥന് അഭിനന്ദിക്കുന്നു. ആദ്യ സീസണ് മുതലുള്ള പ്രകടനം പരിശോധിച്ചാല് ടീം വലിയ കുതിപ്പാണ് കാഴ്ച്ചവെക്കുന്നത്. എല്ലാ സീസണിലും മികച്ച പ്രകടനം പുറത്തെടുക്കാന് ആത്മാര്ത്ഥമായി താരങ്ങള് പരിശ്രമിക്കുന്നു. ചെന്നൈ സൂപ്പര് കിംഗ്സിന്റെ വിജയം ടീം സ്പിരിറ്റിന്റെ വിജയം കൂടിയാണെന്നും കാശി വിശ്വനാഥന് ഹിന്ദുസ്ഥാന് ടൈംസിനോട് പറഞ്ഞു.



