മുംബൈ ഇന്ത്യന്‍സ് ടീമില്‍ രണ്ട് മാറ്റങ്ങള്‍
പൂനെ: ഐപിഎല്ലിലെ സൂപ്പര് പോരാട്ടത്തില് ചെന്നൈ സൂപ്പര് കിംഗ്സിന് ബാറ്റിംഗ്. ടോസ് നേടിയ മുംബൈ ഇന്ത്യന്സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ പൂനെയിലാണ് മത്സരം. മുംബൈ പൊള്ളാര്ഡിന് പകരം ഡുമിനിയെയും ഫിസിന് പകരം കട്ടിംഗിനെയും ഉള്പ്പെടുത്തി. അതേസമയം കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് ചെന്നൈ സൂപ്പര് കിംഗ്സ് കളിക്കുന്നത്.
ആറ് കളിയില് അഞ്ചിലും തോല്വി ഏറ്റുവാങ്ങിയാണ് മുംബൈ ഇന്ത്യന്സ് ഇന്ന് കളിക്കാനിറങ്ങുന്നത്. പ്ലേ ഓഫ് മോഹം നിലനിര്ത്തണമെങ്കില് അടുത്ത എട്ട് കളിയില് ഏഴ് ജയമെങ്കിലും വേണം. മായങ്ക് മര്ക്കണ്ഡേയും കൃണാല് പാണ്ഡ്യയും മാത്രമാണ് ഭേദപ്പെട്ട നിലയില് പന്തെറിയുന്നത്. സണ്റൈസേഴ്സിനെതിരെ 87ന് പുറത്തായ മുംബൈ ബാറ്റിംഗ് നിര ഉണര്ന്നേ മതിയാകൂ.
ആറ് കളിയില് അഞ്ചും ജയിച്ച സൂപ്പര് കിംഗ്സാണ് നിലവില് ഒന്നാമത്. ബൗളിംഗില് പ്രശ്നങ്ങളുണ്ടെങ്കിലും റായുഡുവിന്റെയും ധോണിയുടെയും മികച്ച ഫോം മഞ്ഞപ്പടയ്ക്ക് പ്രതീക്ഷ നല്കും. പൂനെ ഹോം ഗ്രൗണ്ടാക്കിയ സൂപ്പര് കിംഗ്സും, മഹാരാഷ്ട്രയുടെ ഏക ഐപിഎല് ടീമായ മുംബൈ ഇന്ത്യന്സും നേര്ക്കുനേര് വരുമ്പോള് ഗ്യാലറിയുടെ പിന്തുണ ആര്ക്കെന്നതിലും കൗതുകമാണ്.
