മുംബൈ ഇന്ത്യന്‍സിന് എട്ട് വിക്കറ്റ് വിജയം

പൂനെ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് എട്ട് വിക്കറ്റ് വിജയം. ചെന്നൈ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം മുംബൈ രണ്ട് പന്ത് ബാക്കിനില്‍ക്കേ മറികടന്നു. സൂര്യകുമാറും ലെവിസും നല്‍കിയ മികച്ച തുടക്കവും രോഹിതിന്‍റെ അര്‍ദ്ധ സെഞ്ചുറിയുമാണ് മുംബൈയ്ക്ക് സീസണിലെ രണ്ടാം ജയത്തിന് വഴിയൊരുത്തിയത്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. പുറത്താകാതെ 47 പന്തില്‍ 75 റണ്‍സെടുത്ത സുരേഷ് റെയ്‌നയാണ് ചെന്നൈയുടെ ടോപ് സ്‌കോര്‍. അമ്പാട്ടി റായിഡു(46), എംഎസ് ധോണി(26) എന്നിവര്‍ റെയ്നയ്ക്ക് ഉറച്ച പിന്തുണ നല്‍കി. മുംബൈ ഇന്ത്യന്‍സിനായി മക്‌ലെനാഗനും ക്രിണാല്‍ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതവും ഹര്‍ദിക് ഒരു വിക്കറ്റും വിഴ്‌ത്തി. 

മറുപടി ബാറ്റിംഗില്‍ മുംബൈ ഇന്ത്യന്‍സിന് ഓപ്പണര്‍മാരായ സൂര്യകുമാര്‍ യാദവും എവിന്‍ ലെവിസും ചേര്‍ന്ന് നല്‍കിയത് മികച്ച തുടക്കം. പവര്‍പ്ലേയില്‍ ഇരുവരും മുംബൈയെ അമ്പതിലെത്തിച്ചു. ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 10-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. ഭാജിയുടെ പന്തില്‍ ബൗണ്ടറിക്ക് ശ്രമിച്ച സൂര്യകുമാര്‍ യാദവ്(44) അതിര്‍ത്തിയില്‍ ജഡേജയുടെ സൂപ്പര്‍ ക്യാച്ചില്‍ പുറത്ത്. 

ഒരറ്റത്ത് ലെവിസ് കരുതലോടെ സ്കോര്‍ ഉയര്‍ത്തിയപ്പോള്‍ കൂട്ടാളിയായെത്തിയത് നായകന്‍ രോഹിത് ശര്‍മ്മ. 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മുബൈ 123-1. 17-ാം ഓവറില്‍ 47 റണ്‍സെടുത്ത ലെവിസിനെ നഷ്ടമായെങ്കിലും മുംബൈ പതറിയില്ല. ലക്ഷ്യമറിഞ്ഞ് ബാറ്റ് വീശിയ രോഹിതും ഹര്‍ദിക് പാണ്ഡ്യയും മുംബൈയ്ക്ക് സീസണിലെ രണ്ടാം ജയം സമ്മാനിച്ചു. അര്‍ദ്ധ സെഞ്ചുറിയുമായി രോഹിതും(56), പാണ്ഡ്യയും(16) പുറത്താകാതെ നിന്നു.