അവസാന അഞ്ചോവറില്‍ വിക്കറ്റുകള്‍ കൈവശമുണ്ടായിട്ടും 37 റണ്‍സെടുക്കാനെ മുംബൈക്കായുള്ളു.
ജയ്പൂര്: ഐപിഎല്ലില് മുംബൈ ഇന്ത്യന്സിനെതിരെ രാജസ്ഥാന് റോയല്സിന് 168 റണ്സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് സ്വപ്നതുല്യമായ തുടക്കം ലഭിച്ചിട്ടും വമ്പന് സ്കോര് നേടാനായില്ല. ആദ്യ പന്തില് തന്നെ എല്വിന് ലൂയിസിനെ(0) നഷ്ടമായെങ്കിലും സൂര്യകുമാര് യാദവും ഇഷാന് കിഷനും ചേര്ന്ന് മുംബൈയ്ക്കായി വന് സ്കോറിനുള്ള അടിത്തറയിട്ടു. രണ്ടാം വിക്കറ്റില് 129 റണ്സാണ് ഇരുവരും ചേര്ന്ന് 14 ഓവറില് അടിച്ചെടുത്തത്. പതിനഞ്ചാം ഓവറില് ഇഷാന് കിഷന് പുറത്താവുമ്പോള് 130 റണ്സായിരുന്നു മുംബൈയുടെ സ്കോര്.
അവസാന അഞ്ചോവറില് വിക്കറ്റുകള് കൈവശമുണ്ടായിട്ടും 37 റണ്സെടുക്കാനെ മുംബൈക്കായുള്ളു. 47 പന്തില് 72 റണ്സെടുത്ത സൂര്യകുമാര് യാദവാണ് മുംബൈയുടെ ടോപ് സ്കോറര്. ഇഷാന് കിഷന് 42 പന്തില് 58 റണ്സെടുത്തു. ഇരുവരും പുറത്തായശേഷം തുടര്ച്ചയായി വിക്കറ്റുകള് നഷ്മായത് മുംബൈയുടെ സ്കോറിംഗിനെ ബാധിച്ചു. 20 പന്തില് 21 റണ്സുമായി പുറത്താകാതെ നിന്ന പൊള്ളാര്ഡാണ് മുംബൈ നിരയില് രണ്ടക്കം കടന്ന മൂന്നാമത്തെ ബാറ്റ്സ്മാന്.
ക്യാപ്റ്റന് രോഹിത് ശര്മ ആദ്യ പന്തില് തന്നെ റണ്ണൗട്ടായപ്പോള് ക്രുനാല് പാണ്ഡ്യ(7), ഹര്ദ്ദീക് പാണ്ഡ്യ(4) എന്നിവര് നിരാശപ്പെടുത്തി. രാജസ്ഥാനായി അരങ്ങേറിയ ജെഫ്രേ ആര്ച്ചര് നാലോവറില് 22 റണ്സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. പത്തൊമ്പതാം ഓവറിലായിരുന്നു ആര്ച്ചറുടെ മൂന്ന് വിക്കറ്റുകളും. രാജസ്ഥാനായി ധവാല് കുല്ക്കര്ണിയും രണ്ട് വിക്കറ്റെടുത്തു.
