സഞ്ജു സാംസണ് അര്‍ദ്ധ സെഞ്ചുറി രാജസ്ഥാന്‍ റോയല്‍സിന് മൂന്ന് വിക്കറ്റ് ജയം
ജയ്പൂര്: ഐപിഎല്ലില് ഒരിക്കല് കൂടി മലയാളി താരം സഞ്ജു വി സാംസണ് തകര്ത്തടിച്ചപ്പോള് മുംബൈ ഇന്ത്യന്സിനെതിരെ രാജസ്ഥാന് റോയല്സിന് മൂന്ന് വിക്കറ്റിന്റെ മിന്നും ജയം. മുംബൈ ഇന്ത്യന്സ് ഉയര്ത്തിയ 168 റണ്സ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിനില്ക്കേ രാജസ്ഥാന് മറികടന്നു. മത്സരത്തോടെ ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിക്കാന് സഞ്ജുവിനായി. ജോഫ്രേ ആര്ച്ചറിന്റെ മൂന്ന് വിക്കറ്റ് പ്രകടനവും ഗൗതമിന്റെ വെടിക്കെട്ടും(11 പന്തില് 33) രാജസ്ഥാന് വിജയത്തില് നിര്ണായകമായി.
മുംബൈ ഉയര്ത്തിയ മികച്ച സ്കോര് പിന്തുടര്ന്ന രാജസ്ഥാന് റോയല്സിന് തുടക്കത്തിലെ പിഴച്ചു. ടീം സ്കോര് 38ല് എത്തുമ്പോഴേക്കും ഓപ്പണര്മാരായ ത്രിപാദി(9), രഹാനെ(14) എന്നിവരെ നഷ്ടമായി. എന്നാല് മൂന്നാം വിക്കറ്റില് ഒത്തുചേര്ന്ന സഞ്ജു- സ്റ്റോക്സ് സഖ്യം രാജസ്ഥാന് സ്വപ്നതുല്യമായ തിരിച്ചുവരവ് നല്കി. രാജസ്ഥാന് അനായാസം വിജയലക്ഷ്യം മറികടക്കുമെന്ന് ഇതോടെ തോന്നിച്ചു.
പതിനാലാം ഓവറിലെ ആദ്യ പന്തില് 27 പന്തില് 40 റണ്സെടുത്ത സ്റ്റോക്സിനെ പുറത്താക്കി മുംബൈ മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാല് കരുതലോടെ കളിച്ച സഞ്ജു ഇതിനിടെ അര്ദ്ധ സെഞ്ചുറി പൂര്ത്തിയാക്കി. ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയതോടെ ഒരിക്കല് കൂടി മലയാളി താരം രാജസ്ഥാനെ വിജയിപ്പിക്കുമെന്ന് തോന്നിച്ചു. എന്നാല് സഞ്ജുവിനെയും(39 പന്തില് 52), ആറ് റണ്സെടുത്ത ബട്ട്ലറെയും അടുത്തടുത്ത പന്തുകളില് പുറത്താക്കി ബൂംമ്ര രാജസ്ഥാന്റെ പ്രതീക്ഷകള് തകര്ത്തു.
മുസ്താഫിസര് എറിഞ്ഞ 18-ാം ഓവറിലെ ആദ്യ പന്തില് ഗോള്ഡണ് ഡക്കായി ക്ലാസനും പുറത്തായി. ഇതോടെ രാജസ്ഥാന് ആറ് വിക്കറ്റിന് 125. ഡെത്ത് ഓവര് സ്പെഷലിസ്റ്റായ ബൂംമ്ര എറിഞ്ഞ 19-ാം ഓവറില് ഗൗതവും ആര്ച്ചറും ചേര്ന്ന് അടിച്ചുകൂട്ടിയത് 17 റണ്സ്. അവസാന ഓവറില് രാജസ്ഥാന് മുന്നില് 10 റണ്സ് വിജയലക്ഷ്യം. ഹര്ദിക് പാണ്ഡ്യയെറിഞ്ഞ ഓവറില് ആദ്യ പന്തില് ആര്ച്ചര് പുറത്തായെങ്കിലും സിക്സും ബൗണ്ടറിയുടമായി ഗൗതം രാജസ്ഥാനെ വിജയിപ്പിച്ചു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് സ്വപ്നതുല്യമായ തുടക്കം ലഭിച്ചിട്ടും വമ്പന് സ്കോര് നേടാനായില്ല. ആദ്യ പന്തില് തന്നെ എല്വിന് ലൂയിസിനെ(0) നഷ്ടമായെങ്കിലും സൂര്യകുമാര് യാദവും ഇഷാന് കിഷനും ചേര്ന്ന് മുംബൈയ്ക്കായി വന് സ്കോറിനുള്ള അടിത്തറയിട്ടു. രണ്ടാം വിക്കറ്റില് 129 റണ്സാണ് ഇരുവരും ചേര്ന്ന് 14 ഓവറില് അടിച്ചെടുത്തത്. 47 പന്തില് 72 റണ്സെടുത്ത സൂര്യകുമാര് യാദവാണ് മുംബൈയുടെ ടോപ് സ്കോറര്.
ഇഷാന് കിഷന് 42 പന്തില് 58 റണ്സെടുത്തു. 20 പന്തില് 21 റണ്സുമായി പുറത്താകാതെ നിന്ന പൊള്ളാര്ഡാണ് മുംബൈ നിരയില് രണ്ടക്കം കടന്ന മൂന്നാമത്തെ ബാറ്റ്സ്മാന്. രാജസ്ഥാനായി അരങ്ങേറിയ ജെഫ്രേ ആര്ച്ചര് നാലോവറില് 22 റണ്സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. പത്തൊമ്പതാം ഓവറിലായിരുന്നു ആര്ച്ചറുടെ മൂന്ന് വിക്കറ്റുകളും. രാജസ്ഥാനായി ധവാല് കുല്ക്കര്ണിയും രണ്ട് വിക്കറ്റെടുത്തു.
