ഷൂ ഏറ് സംഭവത്തിന് ശേഷം ജഡേജയുടെ പ്രതികരണം ഇതാണ്
ചെന്നൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം രവീന്ദ്ര ജഡേജയ്ക്കെതിരെ കാവേരി പ്രതിഷേധക്കാര്‍ ഷൂ എറിഞ്ഞിരുന്നു. കാവേരി നദീജലം പങ്കുവെക്കുന്നതു സംബന്ധിച്ച വിഷയങ്ങള്‍ പരിഹരിക്കാത്തതിലുള്ള പ്രതിഷേധമാണ് ചെപ്പോക്കില്‍ ചെരുപ്പേറിലെത്തിയത്.
കൊല്‍ക്കത്ത ഇന്നിംഗ്സിന്റെ എട്ടാം ഓവറിലായിരുന്നു സംഭവം. ലോംഗ് ഓണില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ചെന്നൈ താരം രവീന്ദ്ര ജഡേജക്കു നേരെയാണ് നാം തമിളര്‍ കക്ഷി(എന്‍ടികെ) പ്രവര്‍ത്തകര്‍ ഷൂ ഏറിഞ്ഞത്. എന്നാല്‍ ഷൂ ജഡേജയുടെ ദേഹത്ത് കൊണ്ടില്ല. സഹതാരം ഫാഫ് ഡൂപ്ലെസിസ് ഈ ഷൂ എടുത്തുമാറ്റുന്നതിന്‍റെ ദൃശ്യവും പുറത്തുവന്നിരുന്നു.
എന്നാല്‍ ഇപ്പോഴും ചെന്നൈ ആരാധകരെ ഒരുപാട് സ്നേഹിക്കുന്നു എന്ന് ജഡേജ പറയുന്നു. ട്വിറ്ററിലൂടെയാണ് ജഡേജ സംഭവത്തില്‍ പ്രതികരണം അറിയിച്ചത്. ജഡേജയെ പിന്തുണച്ച് നിരവധി ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയത്. അനിഷ്ടസംഭവത്തില്‍ ക്ഷമ ചോദിക്കാനും ചില ആരാധകര്‍ മറന്നില്ല
