Asianet News MalayalamAsianet News Malayalam

നാട്ടില്‍ താരമായി സിറാജ്; സണ്‍റൈസേഴ്സ് 146ന് പുറത്ത്

  • പേസര്‍ മുഹമ്മദ് സിറാജിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് ഹോം ടീമിനെ തളച്ചത്
IPL2018 RCB NEEDS 147 TO WIN

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 147 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് നിശ്ചിത 20 ഓവറില്‍ 146 റണ്‍സിന് പുറത്തായി. അര്‍ദ്ധ സെഞ്ചുറി നേടിയ നായകന്‍ കെയ്ന്‍ വില്യംസണാണ് സണ്‍റൈസേഴ്സിന്‍റെ ടോപ് സ്കോറര്‍. ഹൈദരാബാദുകാരനായ പേസര്‍ മുഹമ്മദ് സിറാജിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് ഹോം ടീമിനെ തളച്ചത്.

സ്വന്തം തട്ടകത്തില്‍ ആരാധകരെ നിരാശരാക്കിയാണ് സണ്‍റൈസേഴ്സ് ബാറ്റിംഗ് ആരംഭിച്ചത്. ഓപ്പണര്‍മാരായ ഹെയ്‌ല്‍സും(5) ധവാനും(13) തുടക്കത്തിലെ പുറത്തായി. എന്നാല്‍ ഒരിക്കല്‍ കൂടി നായകന്‍റെ കരുത്ത് കാട്ടിയ വില്യംസണ്‍ ആണ് തകര്‍ച്ചയില്‍ നിന്ന് കാത്തത്. അഞ്ച് റണ്‍സുമായി മനീഷ് പാണ്ഡെയും പുറത്തായി. ഇതോടെ 48-3 എന്ന നിലയില്‍ തകര്‍ന്ന സണ്‍റൈസേഴ്സിനെ വില്യംസണ്‍ ഒറ്റയ്ക്ക് ചുമലിലേറ്റി. 39 പന്തില്‍ 56 റണ്‍സ് നേടി വില്യംസണ്‍ പുറത്തായ ശേഷം ഷാക്കിബായിരുന്നു സണ്‍റൈസേഴ്സിന്‍റെ രക്ഷാപ്രവര്‍ത്തനം. 

എന്നാല്‍ 32 പന്തില്‍ 35 റണ്‍സെടുത്ത ഷാക്കിബ് കൂടി മടങ്ങിയതോടെ ഹൈദരാബാദ് കൂടുതല്‍ പ്രതിരോധത്തിലായി. തിരിച്ചടിയായി യൂസഫ് പഠാന്‍റെ(12) വിക്കറ്റും വീണു. സാഹയും(8), റഷീദ് ഖാനും(1), കൗളും(1) വന്നപോലെ മടങ്ങുകയും ചെയ്തതതോടെ സണ്‍റൈസേഴ്സ് മികച്ച സ്കോറില്‍ നിന്നകലുകയായിരുന്നു. സൗത്തി എറിഞ്ഞ അവസാന ഓവറില്‍ രണ്ട് വിക്കറ്റ് വീണതോടെ സണ്‍റൈസേഴ്സ് ഓള്‍ഔട്ടായി. സൗത്തിയും സിറാജും മൂന്ന് വിക്കറ്റ് വീതവും ഉമേഷും ചഹലും ഓരോ വിക്കറ്റുകളും വീഴ്ത്തി.

Follow Us:
Download App:
  • android
  • ios