ആ താരങ്ങള്‍ തനിക്ക് ഭീഷണിയാവില്ല: സഞ്ജു സാംസണ്‍

First Published 16, Mar 2018, 2:52 PM IST
ipl2018 sanju samson about return to rr
Highlights
  • രാജസ്ഥാന്‍ റോയല്‍സില്‍ തിരിച്ചെത്തുന്നതിന്‍റെ ആകാഷയിലാണ് സഞ്ജു

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റിലെ മലയാളി പ്രതീക്ഷയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സഞ്ജു വി സാംസണ്‍. ഐപിഎല്‍ 11-ാം സീസണ്‍ തുടങ്ങാനിരിക്കേ പ്രിയ ടീമായ രാജസ്ഥാന്‍ റോയല്‍സില്‍ തിരിച്ചെത്തുന്നതിന്‍റെ ആകാഷയിലാണ് സഞ്ജു. രണ്ട് വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ലീഗില്‍ തിരികെയെത്തിയ രാജസ്ഥാന്‍ എട്ട് കോടി രൂപയ്ക്കാണ് വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെ സ്വന്തമാക്കിയത്.

റോയല്‍സിനായി കളിക്കാന്‍‍ വീണ്ടുമൊരുങ്ങുന്ന സ‍ഞ്ജുവിന് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലറെ മറികടന്ന് മാത്രമേ ടീമില്‍ സ്ഥാനം നിലനിര്‍ത്താനാകൂ. എന്നാല്‍ ബട്ട്‌ലര്‍ തനിക്കൊരു ഭീഷണിയല്ലെന്നാണ് സഞ്ജു പറയുന്നത്. ബട്ട്‌ലര്‍ മാച്ച് വിന്നറും മികച്ച താരവുമാണെന്നാണ് മലയാളി താരത്തിന്‍റെ അഭിപ്രായം. ബാറ്റിംഗിലും കഴിവ് വര്‍ദ്ധിപ്പിക്കുന്നതിലുമാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

ടീം സെലക്ഷനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് യുവ താരം പറയുന്നു. നിദാഹാസ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള യുവതാരം റിഷഭ് പന്തിനെ കുറിച്ചുള്ള ചോദ്യത്തിന് സഞ്ജുവിന്‍റെ മറുപടി ഇതായിരുന്നു. ദേശീയ ടീമില്‍ സഞ്ജുവിനുള്ള കടുത്ത എതിരാളിയാണ് പന്ത് എന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്തിടെ താന്‍ ആരംഭിച്ച സ്‌പോര്‍ട്സ് അക്കാദമി യുവതാരങ്ങള്‍ക്ക് സഹായകമാകുമെന്നും സഞ്ജു പറഞ്ഞു. 


 

loader