ജയ്പൂർ: ഐപിഎല്ലില്‍ ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ രാജസ്ഥാന്‍ റോയല്‍സില്‍. വോണിനെ ടീം ഉപദേശകനായി രാജസ്ഥാന്‍ റോയല്‍സ് നിയമിച്ചു. ഐപിഎല്‍ 11-ാം സീസണില്‍ താനുണ്ടാകുമെന്ന് വോണ്‍ നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഐപിഎല്‍ ആദ്യ സീസണില്‍ നായകനും പരിശീലകനുമായ ഷെയ്ന്‍ വോണിന് കീഴില്‍ റോയല്‍സ് കപ്പുയർത്തിയിരുന്നു. 

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വോണ്‍ രാജസ്ഥാന്‍ ടീമിന്‍റെ ഭാഗമാകുന്നത്. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ നായകനാക്കിയ രാജസ്ഥാന്‍ വോണിനെയും ടീമിലെത്തിക്കാന്‍ നേരത്തെ ശ്രമം തുടങ്ങിയിരുന്നു. ടീമിനൊപ്പം ചേരുന്നതിന്‍റെ ആകാംഷ ട്വിറ്ററില്‍ പങ്കിട്ട് വോണ്‍ തന്നെയാണ് വാർത്ത സ്ഥിരീകരിച്ചത്. 

രാജസ്ഥാന്‍ റോയല്‍സിനാവശ്യമായ നിർദേശങ്ങള്‍ നല്‍കാന്‍ കഴിയുന്ന യോഗ്യനായ താരമാണ് വോണെന്ന് ടീം സഹ ഉടമ മനോജ് ബാദലെ പറഞ്ഞു. 2008 മുതല്‍ 2011 വരെ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച വോണ്‍ 50 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.