അവേശ് ഖാന്‍, ശിവം മാവി എന്നിവരെ ബിസിസിഐ താക്കീത് ചെയ്തു
ദില്ലി: ഐപിഎല് 11-ാം സീസണില് അച്ചടക്കലംഘനത്തിന് വീണ്ടും താരങ്ങള്ക്കെതിരെ നടപടി. ഫിറോസ് ഷാ കോട്ലയില് നടന്ന ഡല്ഹി ഡെയര്ഡെവിള്സ്- കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിലെ സ്വഭാവദൂഷ്യത്തിനാണ് ഡെയര്ഡെവിള്സ് താരം അവേശ് ഖാന്, നൈറ്റ് റൈഡേഴ്സിന്റെ ശിവം മാവി എന്നിവരെ ബിസിസിഐ താക്കീത് ചെയ്തത്.
വിക്കറ്റെടുത്ത ശേഷം ബാറ്റ്സ്മാന്മാരെ പ്രകോപനപൂര്വം പവലിയനിലേക്ക് മടക്കിയ നടപടിയിലാണ് ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഡല്ഹി ഓപ്പണര് കോളിന് മണ്റോയെ പുറത്താക്കിയ ശേഷം നടത്തിയ അമിതാഹ്ലാദവും വാക്കുകള് കൊണ്ടുള്ള പ്രകോപനവുമാണ് മാവിക്ക് വിനയായത്. അതേസമയം 18-ാം ഓവറില് തകര്പ്പന് യോര്ക്കറില് കൊല്ക്കത്ത ഓള്റൗണ്ടര് റസലിനെ പുറത്താക്കിയ ശേഷം നടത്തിയ അശ്ലീല പദപ്രയോഗങ്ങളാണ് അവേശ് ഖാനെ കുറ്റക്കാരനാക്കിയത്.
ഐപിഎല് പെരുമാറ്റചട്ടത്തിലെ ലെവല് വണ് കുറ്റം ഇരുവര്ക്കുമെതിരെ ചുമത്തി. എന്നാല് താരങ്ങള്ക്കെതിരെ വിലക്കോ പിഴയോ ഉണ്ടാവില്ല. നേരത്തെ ഈ സീസണില് അച്ചടക്കലംഘനത്തിന് സണ്റൈസേഴ്സ് ഹൈദരാബാദ് പേസര് സിദ്ധാര്ത്ഥ് കൗളിനെ ബിസിസിഐ താക്കീത് ചെയ്തിരുന്നു.
