അമ്പാട്ടി റായിഡു 37 പന്തില്‍ 79 റണ്‍സ് നേടി അവസാന 10 ഓവറില്‍ ചെന്നൈ അടിച്ചെടുത്തത് 128 റണ്‍സ്

ഹൈദരാബാദ്: ഐപിഎല്ലിലെ ദക്ഷിണേന്ത്യന്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 183 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. തുടക്കത്തില്‍ തകര്‍ച്ച നേരിട്ട ശേഷം അമ്പാട്ടി റായിഡുവിന്‍റെയും സുരേഷ് റെയ്നയുടെയും ബാറ്റിംഗ് വെടിക്കെട്ടിലാണ് ചെന്നൈ മികച്ച സ്കോറിലെത്തിയത്. 

സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ശക്തമായ ബൗളിംഗ് നിരയ്ക്കെതിരെ മോശം തുടക്കമായിരുന്നു ചെന്നൈയ്ക്ക് ലഭിച്ചത്. ഭുവി തുടക്കത്തിലെ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ ഷെയ്ന്‍ വാട്സണെ(9) മടക്കി. പിന്നാലെ താഹിറിന് പകരക്കാരനായെത്തിയ ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലസിസിനെ(11) റഷീദ് ഖാനും പറഞ്ഞയച്ചതോടെ ചെന്നൈ ഏഴ് ഓവറില്‍ 32-2 എന്ന നിലയില്‍ പരുങ്ങി.

മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റെയ്‌നയും റായിഡുവും തുടങ്ങിയത് പതുക്കെ. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 54 റണ്‍സ് മാത്രമാണ് സൂപ്പര്‍ കിംഗ്സിന് നേടാനായത്. എന്നാല്‍ 12-ാം ഓവറില്‍ റഷീദ് ഖാനെ തുടര്‍ച്ചയായ രണ്ട് സിക്സിന് പറത്തി റെയ്‌ന ഗിയര്‍ മാറ്റി. സ്റ്റാന്‍ലേക്കെറിഞ്ഞ 14-ാം ഓവറില്‍ 19 റണ്‍സ് നേടി റായിഡുവും വേഗമാര്‍ജിച്ചു. പിന്നാലെ 27 പന്തില്‍ റായിഡു അര്‍ദ്ധ സെഞ്ചുറി തികച്ചു. 

പിന്നെ കണ്ടത് ബൗളര്‍മാരെ തലങ്ങുവിലങ്ങും പ്രഹരിക്കുന്ന അമ്പാട്ടി റായിഡുവിനെ. സണ്‍റൈസേഴ്സിന് ഈ കൂട്ടുകെട്ട് പൊളിക്കാന്‍ പതിനേഴാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു . അനാവശ്യ റണ്ണിനായി ഓടിയ റായിഡു 37 പന്തില്‍ 79 റണ്‍സില്‍ നില്‍ക്കേ റണ്ണൗട്ടായി. ഒമ്പത് ബൗണ്ടറിയും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു റായിഡുവിന്‍റെ ഇന്നിംഗ്സ്. എന്നാല്‍ പതറാതെ കളിച്ച റെയ്‌ന 39 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ചു.

അവസാന ഓവറുകളില്‍ റെയ്നയും ധോണിയും തകര്‍ത്തടിച്ചതോടെ ചെന്നൈ മികച്ച സ്കോറിലെത്തി. റെയ്‌ന 54 റണ്‍സുമായും ധോണി 25 റണ്‍സെടുത്തും പുറത്താകാതെ നിന്നു.