ഉമേഷ് യാദവ് ഓരോവറില്‍ വീഴ്ത്തിയത് മൂന്ന് വിക്കറ്റുകള്‍

ബെംഗളൂരു: ഒരോവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ഉമേഷ് യാദവ് ഞെട്ടിച്ചപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് തകര്‍ച്ചയോടെ തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന പഞ്ചാബ് അതിവേഗം റണ്ണുയര്‍ത്തിയാണ് തുടങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ അതിവേഗ അര്‍ദ്ധ സെഞ്ചുറി നേടിയ കെ.എല്‍ രാഹുല്‍ ഇത്തവണയും മിന്നലാട്ടം തുടര്‍ന്നു. എന്നാല്‍ നാലാം ഓവര്‍ എറിഞ്ഞ യാദവ് നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പഞ്ചാബ് തകരുകയായിരുന്നു.

ആദ്യ പന്തില്‍ 11 പന്തില്‍ 15 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ വിക്കറ്റ് കീപ്പര്‍ ഡികോക്കിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്ത്. രണ്ടാം പന്തില്‍ ആരോണ്‍ ഫിഞ്ച് ഗോള്‍ഡണ്‍ ഡക്കായി മടങ്ങി. മൂന്നും നാലും പന്തുകള്‍ പ്രതിരോധിച്ച യുവി അഞ്ചാം പന്തില്‍ ബൗണ്ടറി കണ്ടെത്തി. എന്നാല്‍ അവസാന പന്തില്‍ ലോകോത്തര വിക്കറ്റോടെ യുവിയെ(4) പറഞ്ഞയച്ച് യാദവ് അമ്പരപ്പിക്കുകയായിരുന്നു. ഏഴ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് വിക്കറ്റിന് 61 റണ്‍സെന്ന നിലയിലാണ് പഞ്ചാബ്. കെഎല്‍ രാഹുല്‍ 34 റണ്‍സുമായും കരുണ്‍ നായര്‍ ഏഴ് റണ്‍സെടുത്തും ക്രീസിലുണ്ട്.