ധോണിക്കെതിരെ പുതിയ ആരോപണവുമായി യുവിയുടെ പിതാവ്

മൊഹാലി: ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് യുവ്‌രാജ് സിംഗ്. പരിക്കും ഫോമില്ലായ്മയും അലട്ടുന്ന താരം പഞ്ചാബ് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ആരാധകര്‍ക്കുണ്ടായ സന്തോഷം ചെറുതല്ല. ആദ്യ മത്സരങ്ങളില്‍ അവസരം ലഭിച്ചെങ്കിലും ബാറ്റിംഗില്‍ പൂര്‍ണ നിരാശയാണ് യുവി സമ്മാനിച്ചത്. പിന്നാലെ സണ്‍റൈസേഴ്സിനെതിരായ മത്സരത്തില്‍ യുവി പുറത്തിരിക്കുന്നത് കാണേണ്ടിവന്നു ആരാധകര്‍ക്ക്.

മത്സരത്തില്‍ യുവിക്ക് പകരം മനോജ് തിവാരിയാണ് കിംഗ്സ് ഇലവന്‍ പ്ലെയിംഗ് ഇലവനില്‍ സ്ഥാനം പിടിച്ചത്. എന്നാല്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ അശ്വിനും ധോണിക്കുമെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവിയുടെ പിതാവ് യോഗ്‌രാജ് സിംഗ്. യുവ്‌രാജിനെ പുറത്തിരിത്താനുള്ള തീരുമാനം നായകന്‍ അശ്വിന്‍റെത് മാത്രമല്ലെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണിക്കും ഇതില്‍ പങ്കുണ്ടെന്നും പിതാവ് ആരോപിക്കുന്നു. യുവിയുടെ കരിയര്‍ തകര്‍ക്കുകയാണ് ഇരുവരുടെയും ലക്ഷ്യമെന്നും യോഗ്‌രാജ് സിംഗ് പറയുന്നു. 

ഇതാദ്യമായല്ല ധോണിക്കെതിരെ യുവിയുടെ പിതാവ് ആരോപണങ്ങളുമായി രംഗത്തെത്തുന്നത്. യുവ്‌രാജിനെ ദേശീയ ടീമില്‍ പുറത്താക്കിയതിന് പിന്നില്‍ ധോണിയാണെന്ന് നേരത്തെ പിതാവ് ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് യുവി തന്നെ അന്ന് രംഗത്തെത്തിയതോടെ വിവാദങ്ങള്‍ കെട്ടടങ്ങുകയായിരുന്നു. എന്നാല്‍ പുതിയ വിവാദത്തില്‍ യുവിയോ കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ അശ്വിനോ പ്രതികരിച്ചിട്ടില്ല.