നാഗ്പുര്‍: ഇറാനി ട്രോഫി ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്‌സ് മൂന്നിന് 374 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത റെസ്റ്റ് ഓഫ് ഇന്ത്യ 280 റണ്‍സിന്റെ വിജയലക്ഷ്യമാണ് വിദര്‍ഭയ്ക്ക് മുന്നില്‍ വച്ചുനീട്ടിയത്. പിന്നാലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച വിദര്‍ഭ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെടുത്തിട്ടുണ്ട്. വിജയിക്കാന്‍ ഒരു ദിനം കൂടി ശേഷിക്കെ വിദര്‍ഭയ്ക്ക് 243 റണ്‍സ് കൂടി വേണം. സ്‌കോര്‍: റെസ്റ്റ് ഓഫ് ഇന്ത്യ 330 & 374/3 ഡി. വിദര്‍ഭ 425 & 37/1.

ഹനുമ വിഹാരി (180), അജിന്‍ക്യ രഹാനെ (87), ശ്രേയസ് അയ്യര്‍ (61) എന്നിവരുടെ മികച്ച ഇന്നിങ്‌സാണ് റെസ്റ്റ് ഓഫ് ഇന്ത്യക്ക് മികച്ച ലീഡ് സമ്മാനിച്ചത്. 19 ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു വിഹാരിയുടെ ഇന്നിങ്‌സ്. രഹാനെ ഒരു സിക്‌സും നാല് ഫോറും നേടി. ആദിത്യ സര്‍വാതെ വിദര്‍ഭയ്ക്കായി രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങില്‍ ഫൈസ് ഫസലി (0)ന്റെ വിക്കറ്റാണ് വിദര്‍ഭയ്ക്ക് നഷ്ടമായത്. അങ്കിത് രജ്പൂതിനായിരുന്നു വിക്കറ്റ്. സ്റ്റംമ്പെടുക്കുമ്പോള്‍ അഥര്‍വ തെയ്‌ഡേ (16), എസ്.ആര്‍ രാമസ്വാമി (17) എന്നിവരാണ് ക്രീസില്‍.