കേപ്ടൗണ്‍: ഏകദിന ക്രിക്കറ്റിലെ മികച്ച താരമാരെന്ന ചോദ്യത്തിന് സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍ എന്നായിരുന്നു അടുത്ത കാലം വരെ കളിയാസ്വാദകര്‍ നല്‍കിയ ഉത്തരം. സച്ചിന്‍റെ ബാറ്റിംഗ് റെക്കോര്‍ഡുകള്‍ ആര്‍ക്കും മറികടക്കാനാകില്ലെന്ന് പലരും വിശ്വസിച്ചു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ വിസ്മയമായി വിശേഷിപ്പിക്കുമ്പോളും ബാറ്റിംഗ് ഇതിഹാസം സച്ചിനുമായി താരതമ്യം ചെയ്യാന്‍ സമയമായിട്ടില്ലെന്നായിരുന്നു ചിലരുടെ അഭിപ്രായം.
അതേസമയം ഏകദിനത്തില്‍ ബാറ്റിംഗ് റെക്കോര്‍ഡുകള്‍ ഓരോന്നായി കടപുഴക്കി സച്ചിനോടടുക്കുകയാണ് കോലി. എല്ലാത്തരം പിച്ചിലും പുലര്‍ത്തുന്ന സ്ഥിരതയും റണ്‍ ദാഹവുമാണ് മറ്റ് താരങ്ങളില്‍ നിന്ന് കോലിയെ വ്യത്യസ്തനാക്കുന്നത്. ഇതേ ഫോം തുടര്‍ന്നാല്‍ സച്ചിന്‍റെ ഒരിക്കലും തകര്‍ക്കപ്പെടില്ലെന്ന് കരുതിയ ഏകദിന സെഞ്ചുറി(49) റെക്കോര്‍ഡ് പഴങ്കഥയാവാന്‍ അധികകാലം വേണ്ടിവരില്ലെന്നതാണ് വസ്തുത. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന കരിയറിലെ 34-ാം സെഞ്ചുറി നേടി സച്ചിനോട് ഒരുപടി കൂടി അടുത്തിരിക്കുകയാണ് കോലി.
ഇതോടെ കോലി ഏകദിനത്തിലെ എക്കാലത്തെയും മികച്ച താരമാണെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമായിക്കഴിഞ്ഞു. ഇതിന് തുടക്കം കുറിച്ചത് ഇംഗ്ലണ്ട് മുന്‍ നായകനും ബാറ്റിംഗ് ഇതിഹാസവുമായ മൈക്കല്‍ വോണാണ്. കോലി ഏകദിനത്തിലെ എക്കാലത്തെയും മികച്ച താരമല്ലേ എന്ന് ചോദിച്ച് വോണ്‍ ട്വിറ്റളില്‍ രംഗത്തെത്തി. സച്ചിന്‍ 452 ഇന്നിംഗ്സുകളില്‍ നിന്ന് 49 സെഞ്ചുറിയിലെത്തിയപ്പോള്‍, കോലി 197 ഇന്നിംഗ്സില്‍ 34ലെത്തിയെങ്കില്‍ ആ വിലയിരുത്തലിനെ തള്ളിക്കളയാനാവില്ല. വോണിനെ പിന്തുണച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയത്.
