ലണ്ടന്‍: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നാടകീയ രംഗങ്ങള്‍. 200 മീറ്ററില്‍ ഒറ്റയ്‌ക്കോടിയ ബോട്സ്വാന താരം ഐസക്ക് മക്‌വാല ഫൈനലിലേക്ക് മുന്നേറി. ഇതോടെ ഇന്ന് രാത്രി നീകെര്‍ക്കുമായുള്ള സൂപ്പര്‍ ഫൈനലിന് കളമൊരുങ്ങി. രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്റെ അഹന്തയ്ക്കേറ്റ അടിയായി മക്‌വാലയുടെ ഫൈനല്‍ പ്രവേശം.

ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് അണുബാധയേറ്റ മക്‌വാല ട്രാക്കിലിറങ്ങിയാല്‍ രോഗം പകരുമെന്ന് പറഞ്ഞ് മക്‌വാലയെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന 400 മീറ്ററില്‍ മത്സരിക്കുന്നതില്‍ നിന്ന് സംഘാടകര്‍ വിലക്കിയിരുന്നു. എന്നാല്‍ 400 മീറ്ററില്‍ സുവര്‍ണ പ്രതീക്ഷയോടെ വാം അപ്പ് മേഖലയിലെത്തിയ മക്‌വാലയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് പിടിച്ചുമാറ്റുന്നത് തുടര്‍ച്ചയായി സംപ്രേഷണം ചെയ്ത ബിബിസി താരത്തിന് അനുകൂലമായി ശക്തമായ നിലപാടെടുത്തു. ഇതിന് പരിന്നാലെ നീകെര്‍ക്കിന്റെ ജയം ഉറപ്പാക്കാനുള്ള ഗൂഢാലോചനയാണിതെന്ന് ഇതിഹാസ താരം മൈക്കല്‍ ജോണ്‍സണ്‍ തുറന്നടിക്കുകയും ചെയ്തു.

ഇതിനെത്തുടര്‍ന്നാണ് മുന്‍നിലപാട് വിഴുങ്ങി മക്‌വാലയ്ക്ക് 200 മീറ്ററില്‍ ലൈഫ് ലൈന്‍ നല്‍കാന്‍ സംഘാടകര്‍ തയാറായത്. പക്ഷെ 200 മീറ്റര്‍ സെമിയില്‍ ഒറ്റയ്ക്കോടി സെമിയിലെത്തണമെന്നായിരുന്നു സംഘാടകരുടെ നിര്‍ദേശം. ഇതിനായി മക്‌വാലയ്ക്ക് നല്‍കിയ ലക്ഷ്യം 20.53 സെക്കന്‍ഡ് സമയമായിരുന്നു. എന്നാല്‍ 20.2 സെക്കന്‍ഡില്‍ മക്‌വാല ഫിനിഷിംഗ് ലൈന്‍ തൊട്ട് പുഷ് അപ് എടുത്തപ്പോള്‍ നേരെ നില്‍ക്കാനുള്ള ആരോഗ്യം പോലും താരത്തിനില്ലെന്ന് വാദിച്ച സംഘാടകര്‍ തലകുനിച്ചു.

രണ്ട് മണിക്കൂറിനിപ്പുറം സെമിയിലിറങ്ങിയപ്പോള്‍ മക്‌വാലയെ വെട്ടാന്‍ സംഘാടകര്‍ അടുത്ത തന്ത്രം മെനഞ്ഞു. മഴയില്‍ നനഞ്ഞു കുതിര്‍ന്ന ട്രാക്കിലോടാനുള്ള വെല്ലുവിളി ചങ്കുറുപ്പോടെ നേരിട്ട മക്‌വാല അമേരിക്കന്‍ താരം ഇഷിയാ യംഗിന്(20.12) തൊട്ടുപിന്നില്‍ ഫിനിഷ് ചെയ്ത്(20.14) ഫൈനല്‍ ബര്‍ത്തുറപ്പിച്ചു.