ദില്ലി: ചിക്കുന്‍ ഗുനിയ ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ കളിക്കില്ല. ഇഷാന്തിന് പകരക്കാരനെ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് ടീം കോച്ച് അനില്‍ കുംബ്ലെ വ്യക്തമാക്കി. ലഭ്യമായ 14 കളിക്കാരില്‍ നിന്ന് അന്തിമ ഇലവനെ തെരഞ്ഞെടുക്കുമെന്ന് കുംബ്ലെ മാധ്യമങ്ങളോട് പറഞ്ഞു.

വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ എട്ടു വിക്കറ്റ് വീഴ്‌ത്തിയ ഇഷാന്ത് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 72 ടെസ്റ്റുകളില്‍ നിന്ന് 209 വിക്കറ്റ് വീഴ്‌ത്തിയിട്ടുള്ള ഇഷാന്താണ് ടീമിലെ ഏറ്റവും പരിചയസമ്പന്നനായ ബൗളര്‍.

അതേസമയം 22ന് കാണ്‍പൂരില്‍ തുടങ്ങുന്ന ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റിന് സാക്ഷിയാവാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, കപില്‍ ദേവ് തുടങ്ങിയ ഇതിഹാസങ്ങളുമെത്തുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് മത്സര പരമ്പര ജയിച്ചാല്‍ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം ലക്ഷ്യം വെയ്ക്കാനാവും.