കൊല്‍ക്കത്ത: അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തെയെ അവരുടെ ഗ്രൗണ്ടില്‍ സമനിലയില്‍ പൂട്ടി കേരളാ ബ്ലാസ്റ്റേഴ്സ് സെമി പ്രതീക്ഷകള്‍ സജീവമാക്കി. എട്ടാം മിനിട്ടില്‍ സി കെ വിനീതിന്റെ ഗോളില്‍ കൊല്‍ക്കത്തയെ ഞെട്ടിച്ച ബ്ലാസ്റ്റേഴ്സിന് പക്ഷെ പതിനെട്ടാം മിനിട്ടില്‍ സ്റ്റീഫന്‍ പിയേഴ്സന്റെ ഗോളിലൂടെ കൊല്‍ക്കത്ത സമനില പൂട്ടിട്ടു. എതിരാളികളുടെ ഗ്രൗണ്ടില്‍ ആധിപത്യം ആതിഥേയര്‍ക്കായിരുന്നെങ്കിലും ഈ സമനില കേരളത്തിന് വിജയതുല്യമാണ്.

പോരാട്ടം സമനിലയായെങ്കിലും ആദ്യപകുതിയുടെ ആരംഭമൊഴിച്ചാല്‍ കളി കൊല്‍ക്കത്തയുടെ കാലുകളിലായിരുന്നു. 61 ശതമാനം ബോള്‍ പൊസഷനുമായി കൊല്‍ക്കത്ത കളം നിറഞ്ഞ് കളിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് പിടിപ്പത് പണിയായി. ആറു തവണ ബ്ലാസ്റ്റേഴ്സ് കൊല്‍ക്കത്ത പോസ്റ്റിലേക്ക് ലക്ഷ്യംവെച്ചപ്പോള്‍ നാലു തവണ മാത്രമാണ് കേരള പോസ്റ്റ് ലക്ഷ്യമാക്കി കൊല്‍ക്കത്തയ്ക്ക് പന്തടിക്കാനായത്.

കൊച്ചിയില്‍ നടക്കുന്ന അവസാന ലീഗ് മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ചാല്‍ കേരളത്തിന് ആശങ്കയില്ലാതെ സെമിയിലെത്താം. നോര്‍ത്ത് ഈസ്റ്റിനെതിരെ അവസാന മത്സരം സമനിലയായാല്‍ സെമി പ്രവേശനത്തിനായി മറ്റ് കളികളിലെ ഫലം കൂടി ബ്ലാസ്റ്റേഴ്സിന് കാക്കേണ്ടിവരും.

ഇന്നത്തെ സമനിലയോടെ പോയന്റ് പട്ടികയില്‍ 19 പോയന്റ് വീതമുള്ള കൊല്‍ക്കത്തയും ബ്ലാസ്റ്റേഴും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍ തന്നെ തുടരും. ഗോള്‍ ശരാശരിയിലാണ് കൊല്‍ക്കത്ത ബ്ലാസ്റ്റേഴ്സിന്റെ മുന്നിലെത്തിയത്. 22 പോന്റോടെ സെമി ഉറപ്പിച്ച മുംബൈയും 20 പോയന്റുള്ള ഡല്‍ഹിയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.