രണ്ടാം തവണയും ചെന്നൈ മച്ചാന്‍സ്; കാണ്ഠീരവയില്‍ ബെംഗളൂരു കരഞ്ഞു

isl 2017 chennaiyin fc won isl final vs benganluru fc
Highlights

  • മൈല്‍സണ്‍ ആല്‍വസിന്റെ ഇരട്ട ഗോളും റാഫേല്‍ അഗസ്റ്റോയുടെ ഒരു ഗോളുമാണ് ചെന്നൈയിന്‍ എഫ്‌സിക്ക് ജയമൊരുക്കിയത്.
  • സുനില്‍ ഛെത്രിയും മികുവും  ബെംഗളൂരുവിന്റെ ഗോള്‍ നേടി. 

ബെംഗളൂരു: ഐ ലീഗ് അരങ്ങേറ്റത്തിലെ കിരീടധാരണം ബംഗളൂരു എഫ്‌സിക്ക് ഐഎസ്എല്ലില്‍ ആവര്‍ത്തിക്കാനായില്ല. സ്വന്തം ഗ്രൗണ്ടില്‍ ചെന്നൈയിന്‍ എഫ്‌സിയോട് 3-2ന് പരാജയപ്പെട്ടു. ചെന്നൈയിന്‍ എഫ്‌സിക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം കിരീടം. മൈല്‍സണ്‍ ആല്‍വസിന്റെ ഇരട്ട ഗോളും റാഫേല്‍ അഗസ്റ്റോയുടെ ഒരു ഗോളുമാണ് ചെന്നൈയിന്‍ എഫ്‌സിക്ക് ജയമൊരുക്കിയത്. സുനില്‍ ഛെത്രിയും മികുവും  ബെംഗളൂരുവിന്റെ ഗോള്‍ നേടി. 

ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്‌റ്റേഡിയത്തില്‍ മധ്യനിരയ്ക്ക് പ്രാധാന്യം നല്‍കി 3-4-3 ഫോര്‍മേഷനിലാണ് ബെംഗളൂരു തുടങ്ങിയത്. ചെന്നൈയിന്‍ എഫ്‌സി ജേജേ ലാല്‍പെഖല്വയെ ഏക സ്‌ട്രൈക്കറാക്കി 4-2-3-1 ഫോര്‍മേഷനിലും. ബെംഗളൂരു എഫ്‌സിയുടെ മുന്നേറ്റത്തോടെ തുടക്കം. 

ഛെത്രിയിലൂടെ ബെംഗളൂരു മുന്നില്‍
ഒമ്പതാം മിനിറ്റില്‍ ബംഗളൂരു എഫ്‌സി മുന്നിലെത്തി. ഐഎസ്എല്‍ നാലാം സീസണില്‍ ഛെത്രിയുടെ പതിനാലാം ഗോള്‍. ഉദാന്ത സിങ്ങിന്റെ ക്രോസാണ് ഗോളില്‍ അവസാനിച്ചത്. മികുവില്‍ നിന്ന് പന്ത് സ്വീകരിച്ച ഉദാന്ത വലത് വിങ്ങില്‍ നിന്ന് ചെന്നൈയിന്‍ ബോക്‌സിലേക്ക് ക്രോസ് നല്‍കി. നിലത്ത് കുത്തിയുയര്‍ന്ന പന്തിലേക്ക് പറന്നിറങ്ങി ഹെഡറിലൂടെ ഛെത്രി ലീഡ് നേടി.

ചെന്നൈയിന്റെ തിരിച്ചുവരവ്
17ാം മിനിറ്റില്‍ മൈല്‍സണ്‍ ആല്‍വസ് ചെന്നൈയിനെ ഒപ്പമെത്തിച്ചു. ബ്രസീലിയന്‍ നീളക്കാരന്റെ ഒരു തകര്‍പ്പന്‍ ഹെഡ്ഡര്‍. ഗ്രിഗറി നെല്‍സന്റെ കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. ബുള്ളറ്റ് ഹെഡ്ഡര്‍ ബെംഗളൂരു എഫ്‌സിയുടെ ഫാര്‍ പോസ്റ്റില്‍ പതിക്കുമ്പോള്‍ സ്‌കോര്‍ 1-1.

വീണ്ടും മൈല്‍സണ്‍- നെല്‍സണ്‍ കൂട്ടുക്കെട്ട്
ബ്രസീലിയന്‍ താരം ഒരിക്കല്‍കൂടി ചെന്നൈയിന്‍ എഫ്‌സിക്ക് ലീഡ് നല്‍കി. ഇത്തവണയും നെല്‍സണ്‍- മൈല്‍സണ്‍ കൂട്ടുക്കെട്ടാണ് ലീഡ് സമ്മാനിച്ചത്. നെല്‍സന്റെ മറ്റൊരു കോര്‍ണറില്‍ ഒരിക്കല്‍കൂടി ആല്‍വസ് തലവച്ചപ്പോള്‍ ബെംഗളൂരു എഫ്‌സി ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു നിസഹായനായി.

വിജയമുറപ്പിച്ച് ഗോള്‍
67ാം മിനിറ്റില്‍ മൂന്നാം ഗോള്‍ പിറന്നതോടെ ബംഗളൂരു തോല്‍വി ഉറപ്പിച്ചു. റാഫേല്‍ അഗസ്റ്റോയാണ് ഗോളിന് പിന്നില്‍. മത്സരത്തില്‍ സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാന്‍ സാധിക്കാതെ പോയെ ജേജേയാണ് വഴിയൊരുക്കിയത്. നെല്‍സണില്‍ നിന്ന് പന്ത് വാങ്ങിയ ജേജേ ബോക്‌സിന് പുറത്ത് അഗസ്റ്റോയ്ക്ക് മറിച്ച് നല്‍കി. ബോക്‌സിന് പുറത്ത് നിന്ന് അഗസ്റ്റോയുടെ വലങ്കാലന്‍ ഷോട്ട് ഫാര്‍ പോസ്റ്റിലേക്ക്. സന്ധുവിന്റെ മുഴുനീളെ ഡൈവിങ്ങിനും ബെംഗളൂരിനെ ജയിപ്പിക്കാനായില്ല.
 
വൈകി ഉണര്‍ന്ന ബെംഗളൂരു
ഇഞ്ചുറി സമയത്ത് മികു നേടിയ ഗോളാണ് ബെംഗളൂരുവിന്റെ തോല്‍വി ഭാരം കുറച്ചത്. വലത് വിങ്ങില്‍ നിന്ന് ഉദാന്തയുടെ ക്രോസ് മികു അനായാസം ഗോളാക്കി.
 

loader