കൊച്ചി: പോള്‍ റെബുക്കയെ ടീമിലെടുത്തതിന് കേരള ബ്ലാസ്റ്റേഴ്സ് ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. ഐഎസ്എല്‍ നാലാം സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ മോശം നീക്കം എന്നാണ് പലരും ഇതിനെ വിലയിരുത്തിയത്. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിച്ച് റെബുക്ക ഐഎസ്എല്‍ ആദ്യ മാസത്തിലെ മികച്ച താരത്തിനുള്ള ആരാധക പുരസ്കാരം നേടിയിരിക്കുന്നു.

52.4 ശതമാനം ആരാധകര്‍ റെബുക്കക്ക് അനുകൂലമായി വോട്ട് ചെയ്തു. ആദ്യ രണ്ട് മത്സരങ്ങളില്‍ ഗോള്‍രഹിത സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന്‍റെ രക്ഷകനായത് റെബുക്കയാണ്. ബാറിനു കീഴില്‍ റെബുക്ക നടത്തിയ മിന്നും സേവുകള്‍ മഞ്ഞപ്പടയെ കാത്തു. അങ്ങനെ തനിക്കെതിരായ വിമര്‍ശനങ്ങളെ ബാറിന് വെളിയിലാക്കാന്‍ മുന്‍ മാഞ്ചസ്റ്റര്‍ താരത്തിനായി. 

2016ല്‍ ബറി ഫുട്ബോള്‍ ക്ലബിനായി ഗ്ലൗസണിഞ്ഞ താരത്തിന്‍റെ പ്രകടനം അത്ര ആശ്വാസ്യമായിരുന്നില്ല. മാഞ്ചസ്റ്ററില്‍ കളിച്ച് പരിചയമുള്ള റെബൂക്കയുടേത് ചോരുന്ന കൈകളാണ് എന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ ജെംഷഡ്പൂര്‍ എഫ്സിക്കെതിരായ കളിയില്‍ മുന്‍ ബ്ലാസ്റ്റേഴ്സ് താരം ബെല്‍ഫോര്‍ട്ടിന്‍റെ തകര്‍പ്പന്‍ ഹെഡര്‍ തടുത്തതും മുംബൈ സിറ്റിയുടെ മുന്നേറ്റനിരയെ വരിഞ്ഞ് മുറുക്കിയതും ഇംഗ്ലീഷ് താരത്തെ പ്രിയങ്കരനാക്കി.