ബെംഗളുരു എഫ് സി ഇന്ന് ഡൽഹി ഡൈനമോസിനെ നേരിടും. ബെംഗളുരുവിൽ നടന്ന ആദ്യ പാദത്തിൽ ഡൽഹി ഒറ്റ ഗോളിന് തോറ്റിരുന്നു. 

ദില്ലി: ഐ എസ് എല്ലിൽ ബെംഗളുരു എഫ് സി ഇന്ന് ഡൽഹി ഡൈനമോസിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ഡൽഹിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ബെംഗളുരുവിൽ നടന്ന ആദ്യ പാദത്തിൽ ഡൽഹി ഒറ്റ ഗോളിന് തോറ്റിരുന്നു. 

മുപ്പത്തിയൊന്ന് പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ് ബെംഗളൂരു. അവസാന മത്സരത്തിൽ ചെന്നൈയിനോട് തോറ്റ ബെംഗളൂരു അതിന് തൊട്ടുമുൻപ് കേരള ബ്ലാസ്റ്റേ‌ഴ്‌സിനോട് സമനിലയും വഴങ്ങി. 12 പോയിന്‍റുള്ള ഡൽഹി ലീഗിൽ ഒൻപതാം സ്ഥാനത്താണ്.

ഇന്നലെ നടന്ന മത്സരത്തില്‍ പൂനെ സിറ്റി ഉഗ്രൻ ജയം സ്വന്തമാക്കി. പൂനെ ഒന്നിനെതിരെ നാല് ഗോളിന് ജംഷെഡ്‌പൂര്‍ എഫ് സിയെ തോൽപിച്ചു. തോൽവിയോടെ ജംഷെഡ്‌പൂരിന്‍റെ പ്ലേഓഫ് സാധ്യതകൾക്ക് കനത്ത തിരിച്ചടിയേറ്റു. റോബിൻ സിംഗിന്‍റെ ഇരട്ടഗോൾ കരുത്തിലാണ് പുനെയുടെ ജയം. 

പതിനേഴ്, അറുപത്തിയഞ്ച് മിനിറ്റുകളിലായിരുന്നു റോബിൻ സിംഗിന്‍റെ ഗോളുകൾ. മാർസലീഞ്ഞോയും മലയാളി താരം ആഷിക് കുരുണിയുമാണ് പൂനെയുടെ മറ്റ് ഗോളുകൾ നേടിയത്. കാർലോസ് കാൽവോയാണ് ജംഷെഡ്‌പൂരിന്‍റെ സ്കോറർ. 23 പോയിന്‍റുള്ള ജംഷെഡ്‌പൂർ അഞ്ചും 18 പോയിന്‍റുള്ള പൂനെ ഏഴും സ്ഥാനങ്ങളിലാണ്.