എടികെയോട് ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങി. എന്നാല്‍ പുതിയ പരിശീലകന്‍ നെലോ വിന്‍ഗാഡയുടെ കീഴില്‍ ആത്മവിശ്വാസത്തോടെ തുടങ്ങാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി.

കൊച്ചി: പരിശീലകനും പ്ലെയിംഗ് ഇലവനും മാറിയിട്ടും ഐഎസ്എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പതിവിന് മാറ്റമില്ല. എടികെയോട് ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങി. എന്നാല്‍ പുതിയ പരിശീലകന്‍ നെലോ വിന്‍ഗാഡയുടെ കീഴില്‍ ആത്മവിശ്വാസത്തോടെ തുടങ്ങാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി. എഡു ഗാര്‍സിയയുടെ തകര്‍പ്പന്‍ ഫ്രീ കിക്കില്‍ മുന്നിലെത്തിയ എടികെയെ പോപ്ലാറ്റ്‌നിക്കിലൂടെ ബ്ലാസ്റ്റേഴ്‌സ് സമനിലയില്‍ തളയ്ക്കുകയായിരുന്നു

ബ്ലാസ്റ്റേഴ്‌സിന്‍റെ തട്ടകത്തില്‍ ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. എന്നാല്‍ രണ്ടാം പകുതിയുടെ അവസാന മിനുറ്റുകളില്‍ കളി കൈവിടുന്ന ശീലം ബ്ലാസ്റ്റേഴ്‌സ് തുടര്‍ന്നപ്പോള്‍ 85-ാം മിനുറ്റില്‍ എടികെ മുന്നിലെത്തി. ലാല്‍റുവാത്താര വീഴ്‌ത്തിയതിന് ലഭിച്ച ഫ്രീ കിക്ക് എടുത്തത് സ്‌പാനിഷ് താരം എഡു ഗാര്‍സിയ തന്നെ. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് മതിലിനെയും ഗോളി ധീരജ് സിംഗിനെയും കാഴ്‌ച്ചക്കാരാക്കി മൈതാനത്തെ ചുംബിച്ച് പന്ത് വലയിലെത്തിച്ച് ഗാര്‍സിയ മഞ്ഞപ്പടയെ ഞെട്ടിച്ചു. 

ഗോളിനുപിന്നാലെ എഡു ഗാര്‍സിയയെ പിന്‍വലിച്ച എടികെ പരിശീലകന്‍ കോപ്പലാശാന്‍റെ തന്ത്രം പിഴച്ചു. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്‌സിന്‍റെ തിരിച്ചുവരവ്. 88-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് രക്ഷകനായത് പോപ്ലാറ്റ്‌നിക്. സിറില്‍ കാലിയുടെ ക്രോസില്‍ നിന്ന് പോപ്ലാറ്റ്‌നിക് തലകൊണ്ട് തൊടുത്ത വെടിയുണ്ട വലയിലെത്തി. ഇതോടെ എടികെ മത്സരം കൈവിടുകയായിരുന്നു. എന്നാല്‍ പുതിയ പ്രഫസര്‍ക്ക് കീഴില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബ്ലാസ്റ്റേഴ്‌സ് മാറ്റത്തിന്‍റെ സൂചനകള്‍ കാട്ടി.